ന്യൂഡൽഹി: നികുതി വരുമാനത്തകർച്ച മറികടക്കാൻ സഹായിക്കുമെന്ന് കരുതിയ പൊതുമേഖലാ ഓഹരി വില്‌പന ആശയവും പാളിയതോടെ, ഇത്തവണ ബഡ്‌ജറ്റ് അവതരണം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് വൻ വെല്ലുവിളിയാകും. 2018-19ൽ ലക്ഷ്യമിട്ടതിനേക്കാൾ 1.91 ലക്ഷം കോടി രൂപയുടെ നികുതി വരുമാനക്കുറവ് സർക്കാർ നേരിട്ടിരുന്നു.
വിടപയറാൻ പടിവാതിലിൽ നിൽക്കുന്ന 2019-20 വർഷത്തിലും നികുതി വരുമാനം ലക്ഷ്യം കണ്ടേക്കില്ല. പൊതുമേഖലാ ഓഹരി വില്‌പനയിലൂടെ നടപ്പുവർഷം ലക്ഷ്യമിട്ടത് 1.05 ലക്ഷം കോടി രൂപയാണ്. എന്നാൽ, ജനുവരി ഒമ്പത് വരെയുള്ള കണക്കനുസരിച്ച് ആകെ കിട്ടിയത് 18,095 കോടി രൂപ മാത്രം.
വ്യവസായ-വാണിജ്യ മേഖലയ്ക്ക് ഉണർവേകാൻ കോർപ്പറേറ്ര് നികുതി കുറച്ചത് വരുമാനത്തിൽ വലിയ കുറവുണ്ടാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ സ്ഥിതിയിൽ നിന്നുകൊണ്ടാണ്, വ്യക്തിഗത ആദായ നികുതി കുറയ്ക്കണമെന്ന ശക്തമായ ആവശ്യത്തെയും ധനമന്ത്രി നേരിടാനൊരുങ്ങുന്നത്. ഉപഭോക്തൃ വിപണിക്ക് കരുത്തേകാനും സമ്പദ്‌ഞെരുക്കം മൂലമുയർന്ന ജനരോഷം മറികടക്കാനും ആദായ നികുതിയിൽ ചെറിയ ഇളവിന് ധനമന്ത്രി മുതിർന്നേക്കും.
അതുപോലെ, നടപ്പുവർഷം പാളിപ്പോയ പൊതുമേഖലാ ഓഹരി വില്‌പന അടുത്തവർഷത്തേക്ക് നീട്ടാനും സാദ്ധ്യതയുണ്ട്. എയർ ഇന്ത്യ, ബി.പി.സി.എൽ., കോൺകോർ, ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ എന്നിവയാണ് പട്ടികയിലുള്ള വമ്പൻ സ്ഥാപനങ്ങൾ. ഇവ വിറ്റുകിട്ടേണ്ട വരുമാനം കൂടി ഉൾപ്പെടുത്തി, അടുത്തവർഷത്തേക്കുള്ള ലക്ഷ്യം 1.50 ലക്ഷം കോടി രൂപയായി ധനമന്ത്രി ഉയർത്തിയേക്കും.
പാളിയ ഓഹരി വില്പന
നടപ്പുവർഷം ഇതുവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ കേന്ദ്രസർക്കാരിന് കിട്ടിയ വരുമാനം ₹18,095 കോടി. ലക്ഷ്യമിട്ടത് ₹1.05 ലക്ഷം കോടി
2017-18
ലക്ഷ്യം : ₹72,500 കോടി
കിട്ടിയത് : ₹1 ലക്ഷം കോടി
2018-19
ലക്ഷ്യം : ₹80,000 കോടി
കിട്ടിയത് : ₹80,000 കോടി
2019-20
ലക്ഷ്യം : ₹1.05 ലക്ഷം കോടി
കിട്ടിയത് : ₹18,095 കോടി
(ജനുവരി 9 വരെയുള്ള കണക്ക്)
തെറ്റിയ പ്രതീക്ഷകൾ
(ഈ വർഷം ലക്ഷ്യമിട്ടതും നടക്കാതിരുന്നതുമായ വില്പന)
എയർ ഇന്ത്യയുടെ 100% ഓഹരി വില്പന
ബി.പി.സി.എല്ലിൽ സർക്കാരിനുള്ള 50.29% ഓഹരികൾ
കോൺകോറിലുള്ള 54.8 ശതമാനം ഓഹരികളിൽ 30.8%
ഷിപ്പിംഗ് കോർപ്പറേഷനിലെ 63.75%
2
കഴിഞ്ഞ എട്ടുവർഷത്തിനിടെ രണ്ടുതവണ മാത്രമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ട വരുമാനം പൊതുമേഖലാ ഓഹരി വില്പനവഴി നേടിയത്.
₹24.61 ലക്ഷം കോടി
നടപ്പുവർഷം സർക്കാർ ലക്ഷ്യമിടുന്ന മൊത്തം നികുതി വരുമാനം 24.61 ലക്ഷം കോടി രൂപ. നവംബർ വരെയുള്ള കണക്കനുസരിച്ച് കിട്ടിയത് 11.65 ലക്ഷം കോടി രൂപ. ശേഷിക്കുന്ന നാലുമാസത്തിൽ സർക്കാർ നേടേണ്ടത് 12.96 ലക്ഷം കോടി രൂപ.