എറണാകുളം: പൗരത്വ നിയമഭേദഗതിയെ വിമർശിച്ചുകൊണ്ട് സംസാരിച്ച വനിതയെ വളഞ്ഞിട്ട് ആക്രമിച്ച് ഒരു കൂട്ടം സ്ത്രീകൾ. നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ട് ക്ഷേത്രത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ എതിർപ്പ് പ്രകടിപ്പിച്ച സ്ത്രീയ്ക്ക് നേരെയാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം മോശമായി പെരുമാറിയതും അതിക്രമം കാട്ടിയതും. അഞ്ജിത ഉമേഷ് എന്ന് പേരുള്ള ഒരു സ്ത്രീയ്ക്ക് നേരെയാണ് ഈ അതിക്രമം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ഇത് ഹിന്ദുവിന്റെ ഭൂമിയാണെന്നും 'നിന്നെ വേണമെങ്കിൽ കൊല്ലാൻ മടിക്കില്ലെ'ന്നും 'നീയൊക്കെ ഹിന്ദുവാണോ?' എന്നും പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ഇവർക്ക് നേരെ പാഞ്ഞടുക്കുന്നതും വീഡിയോയിൽ കാണാം. ഇവരിൽ ചിലർ സ്ത്രീയെ ദേഹോപദ്രവം ഏൽപ്പിക്കുന്നതും ഇറങ്ങിപ്പോകാൻ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. അതിനോടൊപ്പം മുസ്ലിം വിരുദ്ധ പരാമർശങ്ങളും ഇവർ നടത്തുന്നുണ്ട്. സംഭവം നടന്നത് കേരളത്തിലെ ഏത് ക്ഷേത്രത്തിലാണെന്ന കാര്യം സംബന്ധിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. ഏതായാലും ഈ വീഡിയോ വ്യാപമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ് ഇപ്പോൾ.