തിരുവനന്തപുരം: ചൈനയിൽ ഉത്ഭവിച്ച കൊറോണ വൈറസ് ബാധ സംബന്ധിച്ച് സംസ്ഥാനത്ത് നിർദ്ദേശം നൽകിയതായി കേരള ആരോഗ്യ മന്ത്രി കെ.ജെ ശൈലജ അറിയിച്ചു. ചൈനയിൽ പോയി വരുന്നവർ അതാത് ജില്ലകളിലെ മെഡിക്കൽ ഓഫീസർമാരെ സന്ദർശിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ, രോഗബാധിത മേഖലയിൽ നിന്നുമെത്തിയ 28 യാത്രക്കാരെ പരിശോധിച്ച് ആർക്കും വൈറസ് ബാധയിലെന്ന് അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്.
അതേസമയം ചൈനയിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഒൻപതായി ഉയർന്നു. രാജ്യത്തെ 440 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്കും രോഗം പടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. തായ്ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ അമേരിക്കയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ലോകാരോഗ്യ സംഘടന ഇന്ന് ജനീവയിൽ യോഗം ചേരും.