തിരുവനന്തപുരം: സെൻസസിന്റെ ഭാഗമായി നടക്കുന്ന വിവര ശേഖരണത്തിൽ നേരത്തേ തയ്യാറാക്കിയ ഒരു ചോദ്യവും ഒഴിവാക്കില്ലെന്നാണ് സൂചന. ഇത് ദേശീയ തലത്തിൽ തയ്യാറാക്കിയ ചോദ്യോവലിയാണ്.
അതേസമയം, മാതാപിതാക്കളുടെ ജനനത്തീയതിയും ജനനസ്ഥലവും സംബന്ധിച്ച വിവാദ ചോദ്യങ്ങൾ സെൻസസിന്റെ ചോദ്യാവലിയിൽ ഇല്ല. സെൻസസിൽ ഉത്തരം നൽകേണ്ടെന്ന് സർക്കാർ നിർദ്ദേശിച്ച രണ്ട് ചോദ്യങ്ങൾ ഇവയാണ്.
സെൻസസിന്റെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്രിംഗിൽ 34 ചോദ്യങ്ങളാണ് ഉള്ളത്. 34-ാമത്തെ ചോദ്യമായി മൊബൈൽ നമ്പറും ചോദിക്കുന്നുണ്ട്.
വീടിന്റെ നമ്പർ, മേൽക്കൂരയും ചുവരും എങ്ങിനെ നിർമ്മിച്ചതാണ്, ഗൃഹനാഥന്റെ പേര്, ലിംഗം, വീട് സ്വന്തമോ വാടകയ്ക്കോ, എത്ര മുറികളുണ്ട്, വിവാഹിതരായ എത്രപേരുണ്ട്, കുടിവെള്ള സ്രോതസ്, വൈദ്യുതീകരിച്ചതാണോ അല്ലയോ, കക്കൂസ് ഉണ്ടോ, പാചക വാതക കണക്‌ഷൻ , അഴുക്കുചാൽ സൗകര്യം , റേഡിയോ, ടി.വി, ഇന്റർനെറ്റ്, ലാപ്ടോപ്, സൈക്കിൾ, ടൂവീലർ, കാർ, ജീപ്പ്, വാൻ എന്നിവ ഉണ്ടോ, പ്രധാന ഭക്ഷ്യ ധാന്യം ഏതാണ് തുടങ്ങിയവയാണ് ചോദ്യങ്ങൾ.
വിശദമായ വിവര
ശേഖരണം പിന്നീട്
സെൻസസിന്റെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്രിംഗ് ഈ വർഷം ഏപ്രിൽ 1ന് തുടങ്ങി സെപ്തംബർ 30നകം തീർക്കും. അടുത്ത വർഷം ഫെബ്രുവരി ഒന്ന് മുതലാണ് വിശദമായ എന്യൂമറേഷൻ. അതിന്റെ ചോദ്യാവലിക്ക് അന്തിമ രൂപമായിട്ടില്ല. എന്യൂമറേറ്രർമാർക്ക് നേരിട്ടും ഓൺലൈൻ ആയും വിവരം നൽകാം. സെൻസസിന് നൽകുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് ഒി.ടി.പി വഴി ലോഗിൻ ചെയ്ത് കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കാം. സെൻസസ് പോപ്പുലേഷൻ എന്യൂമറേഷൻ ഫോമിലാണ് ഇത് പൂരിപ്പിക്കേണ്ടത്. ഇങ്ങനെ ലഭിക്കുന്ന റഫറൻസ് നമ്പർ എന്യൂമറേറ്രർമാർക്ക് നൽകിയാൽ മതി. ഓൺലൈൻ ആയി എന്യൂമറേഷൻ നടത്തുന്നതിന് പ്രത്യേകം വിജ്ഞാപനം വേണ്ട. സെൻസസ് ചട്ടങ്ങളിൽ തന്നെ അതിന് വ്യവസ്ഥകളുണ്ട്.
എൻ.പി.ആറിൽ
അവ്യക്തത
സെൻസസിനോടൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ പാടില്ലെന്ന് കേരളമുൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്. അവർ ആ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ സംസ്ഥാനങ്ങളെ എൻ.പി.ആറിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുമെന്നാണ് കേന്ദ്ര സർക്കാർ ഇപ്പോഴും പറയുന്നത്.
എൻ.പി.ആറിന് മുന്നോടിയായി കഴിഞ്ഞ വർഷം ആഗസ്റ്റ് 12 മുതൽ സെപ്തംബർ 30
വരെ 30 ലക്ഷം പേരിൽ പ്രീടെസ്റ്ര് നടത്തിയിരുന്നു. അതിലെ പ്രതികരണങ്ങളെ തുടർന്ന് പാൻകാർഡിന്റെ വിവരങ്ങൾ ചോദിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. പകരം മാതൃഭാഷ ഏതാണെന്ന ചോദ്യം ഉൾപ്പെടുത്തും.
എൻ. പി. ആറിനായി മൊബൈൽ നമ്പർ, ആധാർ നമ്പർ, വോട്ടർ ഐ.ഡി കാർഡ‌്, ജനനത്തീയതി, ജന്മസ്ഥലം, ഏറ്രവുമൊടുവിൽ താമസിച്ച സ്ഥലം, മാതാപിതാക്കളുടെ ജനനത്തീയതി, മാതാപിതാക്കളുടെ ജനനസ്ഥലം തുടങ്ങി 18 ഓളം ചോദ്യങ്ങൾ വിവരശേഖരണത്തിന് ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. എന്നാൽ അന്തിമ ചോദ്യങ്ങൾ തീരുമാനമായിട്ടില്ല.