തിരുവനന്തപുരം: സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്നതും അവരുടെ മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച് നിലവിലുളള വ്യവസ്ഥകൾ കർശനമായി പാലിക്കാൻ പൊലീസിന് നിർദേശം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. നിയമപ്രകാരമുളള വ്യവസ്ഥകൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു വനിത നൽകുന്ന വിവരങ്ങളും മൊഴിയും സ്വീകരിക്കുന്നതിന് ക്രിമിനൽ നടപടി നിയമ സംഹിത പ്രകാരം വ്യക്തമാക്കിയിട്ടുളള വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരം കുറ്റകൃത്യങ്ങൾക്ക് ഇരയായ സ്ത്രീ അക്കാര്യം അറിയിക്കുന്ന പക്ഷം ഒരു വനിതാ പൊലീസ് ഓഫീസർ ആ വിവരം രേഖപ്പെടുത്തണം. കുറ്റകൃത്യത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് നിയമസംരക്ഷണവും ആരോഗ്യ പ്രവർത്തകരുടേയോ വനിതാ സംഘടനകളുടേയോ രണ്ടുകൂട്ടരുടേയുമോ സഹായം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തവും പൊലീസിനുണ്ട്. സ്ത്രീക്ക് താത്ക്കാലികമായോ സ്ഥിരമായോ ശാരീരികമോ മാനസികമോ ആയി വൈകല്യം നേരിടുന്നവരാണെങ്കിൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് കുറ്റകൃത്യത്തിന് വിധേയയായ സ്ത്രീയുടെ വീട്ടിൽ വച്ചോ അവർക്ക് സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലത്തുവച്ചോ ആയിരിക്കണം.
ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററുടേയോ ഇന്റർപ്രട്ടറുടേയോ മെഡിക്കൽ ഓഫീസറുടേയോ സാന്നിദ്ധ്യത്തിൽ വേണം വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. മൊഴി ഓഡിയോ വീഡിയോ സങ്കേതങ്ങൾ ഉപയോഗിച്ച് റിക്കാർഡ് ചെയ്യാവുന്നതാണ്. വനിതകൾ നൽകുന്ന മൊഴികൾ ഒപ്പിട്ടുവാങ്ങേണ്ട ആവശ്യവുമില്ല. ഒരു സ്ത്രീയേയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്താൻ പാടില്ലെന്നും നിയമമുണ്ട്.
മാത്രമല്ല അവരുടെ മൊഴി രേഖപ്പെടുത്തുന്നത് അവരുടെ താമസസ്ഥലത്ത് വച്ചായിരിക്കുകയും വേണം. കേസന്വേഷണവും ചോദ്യം ചെയ്യലും നടത്തുന്ന ഉദ്യോഗസ്ഥർ വ്യക്തികളുടെ നിയമപരവും മാനുഷികവുമായ അവകാശങ്ങളെ മാനിക്കേണ്ടതാണ്. ക്രിമിനൽ പ്രോസീജ്യറൽ കോഡുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ചില ഉദ്യോഗസ്ഥർ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നിർദ്ദേശങ്ങൾ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.