തിരുവനന്തപുരം: പുരപ്പുറ സൗരോർജ പദ്ധതിയിൽ നിന്ന് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്ന 46.5 മെഗാവാട്ട് വൈദ്യുതോത്പാദനത്തിനുള്ള കരാറിൽ കെ.എസ്.ഇ.ബി ഒപ്പുവെച്ചു. ടെൻഡറിലൂടെ തിരഞ്ഞെടുത്ത ടാറ്റ പവർ സോളാർ സിസ്റ്റം, വാരി എൻജിനീയേഴ്സ് ലിമിറ്റഡ്, ഇൻകൽ ലിമിറ്റഡ് എന്നീ കമ്പനികളുമായാണ് മന്ത്രി എം.എം.മണിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ കരാർ ഒപ്പുവച്ചത്.
പുരപ്പുറത്ത് സോളാർ പാനൽ സ്ഥാപിക്കാൻ സന്നദ്ധരായി രജിസ്റ്റർ ചെയ്ത 2,78,265 പേരിൽനിന്ന് 42,500 പേരാണ് ചുരുക്കപ്പട്ടികയിലുള്ളത്. ഇവരിൽനിന്ന് തിരഞ്ഞെടുത്തവരുടെ വീടുകളിലാണ് ആദ്യഘട്ടത്തിൽ പാനലുകൾ സ്ഥാപിക്കുക. ഇതിന് പുറമെ സർക്കാർ സ്ഥാപനങ്ങളുമുണ്ട്. നിലയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരിയോടെ ആരംഭിക്കും. 2020 ജൂണോടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാകും.
2021ഓടെ 1000 മെഗാവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിൽ 500 മെഗാവാട്ട് പുരപ്പുറ സൗരോർജ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കും. ശേഷിക്കുന്ന 500 മെഗാവാട്ട് നിലവിലെ ഡാമുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് കണ്ടെത്തും. ഇടുക്കി പദ്ധതിയുടെ വിവിധ ഭാഗങ്ങളിലായി 400 മെഗാവാട്ട്, ബാണാസുര സാഗർ പദ്ധതി പ്രദേശത്ത് 100 മെഗാവാട്ട് എന്നിങ്ങനെ 500 മെഗാവാട്ടിനുള്ള ഫ്ലോട്ടിംഗ് സോളാർ പദ്ധതിക്കായുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ബ്രഹ്മപുരം, അഗളി, കഞ്ചിക്കോട് എന്നിവിടങ്ങളിലായി എട്ട് മെഗാവാട്ട് ശേഷിയുള്ള സൗരോർജ നിലയങ്ങൾക്കുള്ള ടെൻഡർ നടപടികളും പുരോഗമിക്കുകയാണ്. ഊർജ സെക്രട്ടറി ഡോ. ബി. അശോക്, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള, ടാറ്റ സോളാർ പവർ പ്രതിനിധി രവീന്ദർ സിംഗ്, സൗരപദ്ധതിയുടെ സംസ്ഥാന കോഓഡിനേറ്റർ നാസറുദ്ദീൻ എന്നിവർ സംബന്ധിച്ചു.