തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം തലസ്ഥാന നഗരിയിൽ വീണ്ടും തീപിടിത്തം. ദേശീയപാതയിൽ കരമന ജംഗ്ഷന് സമീപത്തെ ബാറ്റാ ചെരുപ്പ് കമ്പനിയുടെ മൂന്നാം നിലയിലെ ഗോഡൗണിലാണ് ഇന്നലെ രാവിലെ 8 ഓടെ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെങ്കൽച്ചൂളയിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ആളപായമില്ലെങ്കിലും ഏതാണ്ട് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. താഴത്തെ രണ്ടു നിലകളിലും ബാറ്റയുടെ ഷോറൂമാണ് പ്രവർത്തിക്കുന്നത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് : ചൊവ്വാഴ്ച രാത്രി 10 ഓടെ പതിവുപോലെ കട പൂട്ടി മാനേജരും ജീവനക്കാരും വീട്ടിൽ പോയിരുന്നു. മാനേജരെ കൂടാതെ എട്ട് ജീവനക്കാരാണ് കടയിലുള്ളത്. ഇന്നലെ രാവിലെ എട്ട് മണിയോടെ റോഡിലൂടെ പോയവരാണ് കടയുടെ മൂന്നാം നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഏണി ഉപയോഗിച്ച് കെട്ടിടത്തിന് മുകളിൽ കയറി മൂന്നാം നിലയിലെ ഗ്ലാസ് തകർത്ത ശേഷം വെള്ളം ചീറ്റിയാണ് തീയണച്ചത്.
ഫയർഫോഴ്സ് എത്തിയതിന് പിന്നാലെ മാനേജരും കടയിലെത്തി. മൂന്നാം നിലയിലേക്ക് കയറാൻ കടയ്ക്കുള്ളിലൂടെ മാത്രമാണ് വഴിയുണ്ടായിരുന്നത്. ഇടുങ്ങിയ പടിക്കെട്ടുകൾ ആയിരുന്നതിനാൽ ഇതിലൂടെ ഉദ്യോഗസ്ഥർക്ക് പ്രവേശിക്കുക പ്രയാസമായിരുന്നു.
മൂന്നാം നിലയിലെ മൂന്ന് ഇരുമ്പ് ഷെൽഫുകളാണ് പൂർണമായും കത്തി നശിച്ചത്. എന്നാൽ ഇതിന് എതിർവശത്തെ മൂന്ന് ഷെൽഫുകളിലേക്ക് തീപടർന്നില്ല. ഇത് സംശയത്തിന് ഇടയാക്കുന്നതാണെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. കടയിൽ സി.സി ടിവി കാമറകളും ഉണ്ടായിരുന്നില്ല. കരമനയ്ക്ക് സമീപത്തുള്ള കാറ്ററിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. അഞ്ച് വർഷമായി ബാറ്റയുടെ ഷോറൂം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കടയിലെ ഉത്പന്നങ്ങൾക്ക് ബാറ്റാ കമ്പനി ഇൻഷ്വറൻസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജർ പറഞ്ഞു.
20 ലക്ഷത്തിന്റെ നഷ്ടം
ജില്ലയിലെ മറ്റ് ചില ഷോറൂമുകളിലേക്കുള്ള ബാറ്റയുടെ ഉത്പന്നങ്ങൾ ഈ ഷോറൂമിൽ നിന്നാണ് എത്തിക്കാറുള്ളത്. അതിനാൽ 20,000 പാദരക്ഷകൾ ഇവിടെ സൂക്ഷിച്ചിരുന്നു. ഇതിൽ പകുതിയോളം കത്തി നശിച്ചിട്ടുണ്ട്. 20 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് മാനേജർ പറയുന്നത്.
വിശദമായ അന്വേഷണം നടത്തും
തീപിടിച്ച വിവരം എട്ട് മണിയോടെയാണ് പുറത്ത് അറിഞ്ഞതെങ്കിലും അതിന് മുമ്പ് തന്നെ തീ പടർന്നിട്ടുണ്ടാകാമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അവർ അറിയിച്ചു. എവിടെ നിന്നാണ് തീ പടർന്നതെന്നു കണ്ടെത്താനായിട്ടില്ല. വിശദമായ പരിശോധനയിലേ ഇക്കാര്യം വ്യക്തമാകൂ. സ്റ്റേഷൻ ഓഫീസർമാരായ ജി.സുരേഷ് കുമാർ, ഡി.പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീ കെടുത്തിയത്. തീ അണയ്ക്കുന്നതിനിടെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കുമാർ, ഫയർമാന്മാരായ ഷഫീർ, മഹേഷ്, സനൽകുമാർ എന്നിവർക്ക് പരിക്കേറ്റു.
ചെരുപ്പ് പെറുക്കാനെത്തി ജനക്കൂട്ടം
തീയണയ്ക്കുന്നതിനിടെ കടയിലെ അവശേഷിക്കുന്ന ചെരുപ്പുകൾ ഫയർമാന്മാർ കടയ്ക്ക് മുന്നിൽ കൂട്ടിയിട്ടിരുന്നു. ഇതോടെ കണ്ടുനിന്ന ജനക്കൂട്ടം ചെരുപ്പുകൾ വാരിയെടുക്കാൻ തിക്കിത്തിരക്കി.
ഇത് തീക്കളി
l സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതാണ് പലപ്പോഴും തീപിടിത്തത്തിന് കാരണമാകുന്നത്. ഇന്നലെ തീപിടിച്ച ബാറ്റയുടെ ഷോറൂമിന് മൂന്ന് നിലകളാണുണ്ടായിരുന്നത്. മൂന്നോ അതിൽ കൂടുതലോ നിലകൾ പണിയുന്നുണ്ടെങ്കിൽ ഫയർഫോഴ്സിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. തീപിടിച്ചാൽ ഫയർഫോഴ്സിന് കടന്നുചെല്ലാൻ കഴിയുന്ന തരത്തിൽ വഴിയുണ്ടാകണം. എന്നാൽ ഇവിടെ അതുണ്ടായിരുന്നില്ല. ഗോഡൗണിലേക്ക് കയറുന്നതിനായി ഇടുങ്ങിയ ഗോവണി മാത്രമാണുള്ളത്.
l കഴിഞ്ഞ വർഷമാണ് പഴവങ്ങാടിയിലെ ചെല്ലം അംബ്രല്ലാ മാർട്ടിൽ വൻ തീപിടിത്തമുണ്ടായത്. കടയുടെ ഗോഡൗണിന് മുകളിൽ ചവറുകൾ അശ്രദ്ധമായി കൂട്ടിയിട്ട് കത്തിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. ഇതിന് സമീപത്തെ സുപ്രീം ലെതർ വർക്സിലും തീപടർന്നിരുന്നു.
l രണ്ട് വർഷം മുമ്പ് ശ്രീകാര്യം മൺവിളയിലെ ഫാമിലി പ്ളാസ്റ്റിക്കിലുണ്ടായ തീപിടിത്തത്തിന് കാരണവും ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയായിരുന്നു. ഫാക്ടറി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിച്ചതാണ് വിനയായത്.
ഇത് കുറച്ച് നേരത്തേക്ക് ബഹളത്തിന് ഇടയാക്കി. ഉടൻ പൊലീസെത്തി ആൾക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു.