തിരുവനന്തപുരം: സമയം രാവിലെ 10.30. നഗരസഭാ കാര്യാലയത്തിന് മുന്നിലൂടെ പോയ വാഹനങ്ങളിലുള്ളവരെല്ലാം കെട്ടിടത്തിന് മുകളിലേക്ക് നോക്കുന്നു. ഫയർഫോഴ്സ് സംഘം കയറിൽ കെട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ഒരാളെ താഴേക്ക് അതിസാഹസികമായി ഇറക്കുകയാണ്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ആരെയോ രക്ഷപ്പെടുത്തു എന്നാണ് എല്ലാവരും കരുതിയത്. ആളിനെ താഴെയിറക്കിയപ്പോഴാണ് കണ്ടുനിന്നവർക്ക് കാര്യം മനസിലായത്. കുന്നുകുഴി കൗൺസിലർ ഐ.പി. ബിനുവിനെയാണ് കയറിൽ കെട്ടി താഴേക്ക് ഇറക്കിയത്. നഗരസഭ ഓഫീസിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ നേതൃത്വത്തിൽ നടത്തിയ മോക്ക് ഡ്രിൽ ആയിരുന്നു ഇന്നലെ നടന്നത്.
തീപിടിത്തമുണ്ടാകുമ്പോഴോ അത്യാഹിതങ്ങൾ സംഭവിക്കുമ്പോഴോ നടത്തേണ്ട രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച് ജനപ്രതിനിധികളെയും നഗരസഭാ ജീവനക്കാരെയും ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഫയർഫോഴ്സ് മോക്ക്ഡ്രിൽ നടത്തിയത്. നേമം സോണൽ ഓഫീസിലെ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈനി പ്രസാദിനെയും ഇത്തരത്തിൽ രണ്ടാം നിലയിൽ നിന്ന് താഴെ എത്തിച്ചു. ഫയർ എക്സിറ്റിംഗ്യൂഷർ എങ്ങനെ ഉപയോഗിക്കാമെന്നും ജീവനക്കാരെ പഠിപ്പിച്ചു. ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച പരിശീലനവും നൽകി. തുടർന്ന് ദുരന്തനിവാരണ സേന രൂപീകരണവുമായി ബന്ധപ്പെട്ട് മേയർ കെ. ശ്രീകുമാർ വിളിച്ചുചേർത്ത യോഗം നഗരസഭാ കൗൺസിൽ ഹാളിൽ നടന്നു.
നഗരസഭയിലെ മുഴുവൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും ഫയർഫോഴ്സിന്റെ സഹായത്തോടെയുള്ള പ്രാഥമിക പരിശീലനം ഏർപ്പെടുത്തുമെന്ന് മേയർ അറിയിച്ചു. നഗരസഭ ഹെൽത്ത് സ്ക്വാഡിലെ ഉദ്യോഗസ്ഥർക്ക് യൂണിഫോമിൽ ഘടിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള നൈറ്റ് വിഷൻ കാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന പദ്ധതി മേയർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വഞ്ചിയൂർ പി. ബാബു, എസ്. പുഷ്പലത, പാളയം രാജൻ, സി. സുദർശനൻ എന്നിവർ പങ്കെടുത്തു.