തിരുവനന്തപുരം: സമര വേലിയേറ്റത്തിലമരുന്ന പതിവ് ഇപ്പോൾ സെക്രട്ടേറിയറ്റിനൊരു ശീലമാണ്. എന്നാൽ ഇന്നലെ നോർത്ത് ഗേറ്റിൽ നടന്ന വേറിട്ട പ്രതിഷേധം ഏറെ ജനശ്രദ്ധ നേടി. തൊണ്ടപൊട്ടുന്ന മുദ്രാവാക്യങ്ങളില്ലാതെ, പൊലീസിനു നേരെ ആക്രോശിക്കാതെ അഖിലകേരള ബധിര അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചാണ് ശ്രദ്ധനേടിയത്.
വിവിധ ആവശ്യങ്ങളുന്നയിച്ച് അസോസിയേഷൻ നടത്തിയ സമരത്തിൽ പങ്കെടുത്തവർ ആംഗ്യങ്ങളിലൂടെയാണ് പോരാട്ടവീര്യം കുറിച്ചത്. അസോസിയേഷൻ നേതാക്കൾ പറയുന്നത് മാദ്ധ്യമപ്രവർത്തകരടക്കമുള്ളവർക്ക് വ്യക്തമാക്കാൻ ആളെയും നിയോഗിച്ചിരുന്നു. ഇവർ സമരക്കാരുടെ ആവശ്യങ്ങളും പ്രസംഗവും സംസാരഭാഷയിൽ വിശദീകരിച്ചു. പി. അബ്ദുൾ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.എ. യൂസഫ്, പ്രസിഡന്റ് എ. ഷൺമുഖം, എൻ.വിജയകുമാർ, മുജീബ് റഹ്മാൻ, ഉണ്ണിക്കൃഷ്ണൻ, ടി. അമീന, സന്തോഷ് ഇടശേരി, അഷ്റഫ് കുന്നത്ത്, ഹരിദാസ്, റോയി ജോസ്, ഷാനവാസ്, നിസാർ, കെ.എം. ഷക്കീർ, അബ്ദുൾ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
മറക്കരുത് വാളയാറിനെ
വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദളിത് പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ കിഡ്സ് ഫോറം നടത്തിയ സമരമായിരുന്നു രണ്ടാമത്തേത്. 'നീതി കിട്ടാതെ മടക്കമില്ല" എന്ന മുദ്രാവാക്യവുമായി തുടങ്ങിയ സത്യാഗ്രഹം സാമൂഹ്യ പ്രവർത്തകൻ സി.ആർ. നീലകണ്ഠന്റെ ആമുഖ പ്രഭാഷണത്തോടെയാണ് തുടങ്ങിയത്. കേരളത്തിൽ ഇന്നുവരെ കാണാത്ത സമരമാണ് നടക്കുന്നതെന്ന് അന്വേഷി പ്രസിഡന്റ് കെ. അജിത പറഞ്ഞു. രഞ്ജിനി സുഭാഷ് സമര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രൊഫ. കുസുമം ജോസഫ്, സിസ്റ്റർ റോസ് ആന്റോ, സി.എസ്. ചന്ദ്രിക, ഡോ. ആസാദ്, സലീന പ്രക്കാനം, സജി കെ. ചേരമൻ, ഡോ. വിജയകുമാർ, ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ജനുവരി നാലിന് ഹൈക്കോടതിക്ക് മുന്നിൽ നിന്നാരംഭിച്ച പദയാത്രയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നലെ സമാപിച്ചത്.
ഭൂരഹിതർക്ക് ഭൂമി വേണം
വിവിധ ആവശ്യങ്ങളുമായി ആദിവാസി ഭാരത് മഹാസഭ, പാർപ്പിട അവകാശ സമിതി, ഭൂസമരസമിതി എന്നിവയുടെ നേതൃത്വത്തിൽ നടന്ന മാർച്ചായിരുന്നു മൂന്നാമത്തേത്. സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി സുകുമാരൻ, എം.പി. കുഞ്ഞിക്കണാരൻ, രാജേഷ് അപ്പാട്ട്, കെ. വെളിയൻ, കെ. ചന്ദ്രൻ, ആർ. പ്രസന്ന എന്നിവർ സംസാരിച്ചു.
3500 രൂപ പെൻഷൻ തേടി
വയോജനങ്ങൾ
അർഹരായ വയോജനങ്ങൾക്ക് 3500 രൂപയിൽ കുറയാത്ത പെൻഷൻ അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റേതായിരുന്നു മറ്റൊരു സമരം. സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺമാരുടെ പെൻഷൻ തുക കൂട്ടണമെന്ന് പന്ന്യൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എൻ.അനന്തകൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തർ, ജില്ലാപ്രസിഡന്റ് എൻ. ഗംഗാധരൻ നായർ, സെക്രട്ടറി ജി. കേശവൻകുട്ടി നായർ, ഉഴമലയ്ക്കൽ വേണുഗോപാൽ, പി. ചന്ദ്രസേനൻ, കെ. പ്രഭാകരൻ, പി. വിജയമ്മ, ജി. സുരേന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
മത്സ്യത്തൊഴിലാളികളുടെ
വീടുകൾ സംരക്ഷിക്കണം
തീരദേശ നിയന്ത്രണ നിയമത്തിൽ നിന്ന് മത്സ്യത്തൊഴിലാളി ഭവനങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഖില കേരള ധീവരസഭ സംസ്ഥാന കൗൺസിൽ അംഗങ്ങളും പോഷക സംഘടന സംസ്ഥാന കമ്മിറ്റി അംഗങ്ങളും നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി. ദിനകരൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യു.എസ്. ബാലൻ, എ. ദാമോദരൻ, സെക്രട്ടറിമാരായ സി. ഗോപിനാഥ്, ജോഷി ബ്ലാങ്ങാട്ട്, ടി.കെ. സോമനാഥൻ, കെ.കെ. തമ്പി, ജില്ലാ പ്രസിഡന്റ് പനത്തുറ ബൈജു, കാലടി സുഗതൻ, പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ, ധീവര മഹിളാസഭ പ്രസിഡന്റ് ഭൈമി വിജയൻ, ധീവര യുവജന സഭ പ്രസിഡന്റ് ഷാജു തലാശേരി, സെക്രട്ടറി പി.എസ്. ഷമ്മി, മാനവശേഷി വികസന സമിതി പ്രസിഡന്റ് ഡി. ചിദംബരൻ തുടങ്ങിയവർ സംസാരിച്ചു.
സംവരണത്തിനും പ്രക്ഷോഭം
ആൾ കേരള വർണവ സൊസൈറ്റിയുടെ സമരത്തിനാണ് സെക്രട്ടേറിയറ്റ് പിന്നീട് സാക്ഷിയായത്. സജി കെ. ചേരമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.ഇ. വേണുഗോപാൽ, ജനറൽ സെക്രട്ടറി ടി.എൻ. ശ്രീനിവാസബാബു, സി.കെ. രാജപ്പൻ, പ്രസന്നകുമാർ, കെ.എൻ. ചന്ദ്രൻ, മഹേഷ് കുമാർ, സജി കെ. തമ്പി തുടങ്ങിയവർ സംസാരിച്ചു.