താര സഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും ഏറെക്കാലത്തിന് ശേഷം തുല്യ പ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയിൽ ഒന്നിക്കുന്നു.നവാഗതനായ ഇർഷാദ് പെരാരി സംവിധാനം ചെയ്യുന്ന അയൽവാശിയിലാണ് ഇരുവരും ഒന്നിക്കുന്നത്. രണ്ട് അയൽവാസികൾ തമ്മിലുള്ള വാശിയുടെയും കിടമത്സരത്തിന്റെയും കഥ നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ ആരംഭിക്കും.
ബ്ളെസിയുടെ ആട് ജീവിതം പൂർത്തിയാക്കിയ ശേഷം പൃഥ്വിരാജ് അയൽവാശിയിൽ ജോയിൻ ചെയ്യും. വിവിധ ഗെറ്റപ്പുകളിൽ പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്ന ആട് ജീവിതം മൂന്ന് ഘട്ടങ്ങളിലായി നൂറ് ദിവസം കൊണ്ട് പൂർത്തിയാകും.
ആടു ജീവിതത്തിനുവേണ്ടി ശരീരഭാരം കുറച്ച പൃഥ്വിരാജ് ഇൗ ചിത്രത്തിനുവേണ്ടി തല മുണ്ഡനം ചെയ്യുന്നുമുണ്ട്. ചിത്രത്തിന്റെ ഇനിയുള്ള ചിത്രീകരണം ഏറിയപങ്കും ജോർഡാനിലാണ് നടക്കുക.
പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നായിരിക്കും അയൽവാശി നിർമ്മിക്കുകയെന്നറിയുന്നു. ലൂസിഫറിൽ പൃഥ്വിരാജിന്റെ സഹസംവിധായകനായിരുന്നു ഇർഷാദ് പെരാരി. ലൂസിഫറിൽ ഇന്ദ്രജിത്ത് ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നുവെങ്കിലും പൃഥ്വിരാജുമായി കോമ്പിനേഷൻ രംഗങ്ങളില്ലായിരുന്നു.
നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയിലാണ് ഇരുവരും ഒടുവിൽ തുല്യപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചത്. വടംവലിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ആഹാ, ഹലാൽ ലവ് സ്റ്റോറി, ദുൽഖർ സൽമാൻ ടൈറ്റിൽ റോളിലെത്തുന്ന കുറുപ്പ് എന്നീ ചിത്രങ്ങൾ ഇന്ദ്രജിത്ത് പൂർത്തിയാക്കികഴിഞ്ഞു. ദുൽഖറിനൊപ്പം ഇന്ദ്രജിത്ത് ഇതാദ്യമാണ്.