ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഷൈലോക്ക് ഇന്ന് ലോകവ്യാപകമായി റിലീസ് ചെയ്യും. കേരളത്തിൽ ഇരുന്നൂറോളം സ്ക്രീനുകളിൽ റിലീസ് ചെയ്യുന്ന ഷൈലോക്ക് ഗൾഫ് നാടുകളിൽ 101 സ്ക്രീനുകളിലാണെത്തുക.
കേരളത്തിൽ രാവിലെ പത്തിനാണ് ആദ്യ പ്രദർശനം. ഒട്ടുമിക്ക കേന്ദ്രങ്ങളിലും സെക്കൻഡ് ഷോയ്ക്ക് ശേഷം എക്സ്ട്രാ ഷോസുമുണ്ടാകും.
തിരുവനന്തപുരം ന്യൂ തിയേറ്ററിൽ രാവിലെ പത്ത് മുതൽ പാതിരാത്രി വരെ തുടർച്ചയായി ആറ് പ്രദർശനങ്ങൾ നടക്കും.
രാജാധിരാജയ്ക്കും മാസ്റ്റർ പീസിനും ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചി ത്രത്തിന് രചന നിർവഹിക്കുന്നത് നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ്. കാമറ: രണദിവെ, സംഗീതം: ഗോപിസുന്ദർ.
സിനിമാ നിർമ്മാതാക്കൾക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ബോസ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്ന ചിത്രത്തിൽ തമിഴ് താരം രാജ്കിരൺ മറ്റൊരു പ്രധാന വേഷമവതരിപ്പിക്കുന്നു. മീനയാണ് നായിക.ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ഷൈലോക്ക് നിർമ്മിച്ച് വിതരണം ചെയ്യുന്നത്.