saudi

റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്. മലയാളി നഴ്‌സിനെ കൂടാതെ ഈ ആശുപത്രിയിലെ ഫിലിപ്പീൻ സ്വദേശിയായ നഴ്‌സിനും കൊറോണ പിടിപെട്ടിട്ടുണ്ട്. ഇവർ സൗദിയിലെ അൽ ഹയത് നാഷണൽ ആശുപത്രിയിലെ ജീവനക്കാരാണ്. ഫിലിപ്പീൻ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപെട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്‌സുമാർ പറയുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂർ സ്വദേശിനിയിലേക്ക് വൈറസ് പടർന്നതെന്ന് കരുതുന്നു. വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ല. രോഗവിവരം റിപ്പോർട്ട് ചെയ്യാതെ മറച്ചുവയ്ക്കുകയാണ് അധികൃതരെന്നും നഴ്സുമാർ അറിയിച്ചിട്ടുണ്ട്. സംഭവം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് നഴ്‌സുമാർ പറഞ്ഞു.

കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിലെ പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതർ നിർത്തിവച്ചിരിക്കുകയാണ്. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും അടച്ചു. പ്രദേശവാസികളോട് നഗരംവിട്ടുപോകരുതെന്ന് അധികൃതർ നിർദേശിച്ചു.

ശനി മുതൽ രണ്ടാഴ്ചയോളം നീളുന്ന ചൈനീസ് പുതുവത്സാരാഘോഷങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തുകയാണു പുതിയ വൈറസും അതു മൂലമുണ്ടാകുന്ന ശ്വാസകോശ രോഗവും. ബെയ്ജിങ്ങിൽ നിന്ന് 1152 കിലോമീറ്റർ അകലെയുള്ള വുഹാൻ നഗരമാണ് രോഗത്തിന്റെ പ്രഭവകേന്ദ്രമെങ്കിലും എല്ലാ നഗരങ്ങളിലും ജനങ്ങൾ പരിഭ്രാന്തിയിലും ജാഗ്രതയിലുമാണ്. ബെയ്ജിംഗിൽ സിനിമാ തിയറ്ററുകളിലും പൊതുഇടങ്ങളിലും വരാൻ ആളുകൾ മടിക്കുകയാണ്. പുറത്തിറങ്ങുന്നവരിൽ പലരും മുഖാവരണം ധരിക്കുന്നു. പലരും യാത്രകൾ ഒഴിവാക്കി.