തെക്കേ ഏഷ്യയിൽ പ്രത്യേകിച്ചും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ തങ്ങളുടെ സ്വാധീനത്തിൽ കൊണ്ടുവരിക എന്നത് ചൈനയുടെ പ്രഖ്യാപിത നയമാണ്. ഇന്ന് തെക്കേ ഏഷ്യയിൽ ഇന്ത്യയുടെ അയൽപക്ക രാജ്യങ്ങളായ പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക , ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ , മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളുമായി ചൈനയ്ക്ക് വളരെ നല്ല ബന്ധമാണുള്ളത്. ഈ രാജ്യങ്ങളുടെ പ്രധാനപ്പെട്ട സാമ്പത്തിക, സൈനിക പങ്കാളിയാണ് ചൈന. സ്വപ്നപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡിന്റെ ഭാഗമായി ചൈന ഈ രാജ്യങ്ങളിൽ വൻ മുതൽമുടക്കിൽ ഹൈവേകൾ, റെയിൽ-റോഡുകൾ, തുറമുഖങ്ങൾ തുടങ്ങിയവ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് . ഇത്തരം അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ ഇന്ത്യയെ വലയം വയ്ക്കുന്ന നയമാണ് ചൈന അവലംബിക്കുന്നത്. ഇന്ത്യയ്ക്കെതിരെയുള്ള ഈ നയത്തെ മുത്തുമാല തന്ത്രമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
ഷീ ജിൻ പിങിന്റെ മ്യാൻമർ സന്ദർശനം
മുത്തുമാല തന്ത്രത്തിന്റെ അവസാന അദ്ധ്യായമാണ് ഇക്കഴിഞ്ഞ 17, 18 തീയതികളിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് മ്യാൻമർ സന്ദർശിച്ചപ്പോൾ നെയ്തത്. ചൈന, മ്യാൻമർ ബന്ധത്തിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സന്ദർശന വേളയിൽ ഏകദേശം 33 ൽപ്പരം ധാരണാപത്രങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ടത്. ഇതിൽ 13 എണ്ണം അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടവയാണ്. കൃഷി, വ്യവസായം, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ സർവമേഖലകളെയും ഇത് ഉൾക്കൊള്ളുന്നു.
ചൈനയുടെ സ്വപ്നപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡിന്റെ ഒരു പ്രധാനകണ്ണിയായി മാറുകയാണ് മ്യാൻമർ. ഒപ്പിട്ട ധാരണാപത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് യാങ് പൂ കേന്ദ്രീകരിച്ചുള്ള പ്രത്യേക സാമ്പത്തിക മേഖലയും അതിനോടനുബന്ധിച്ചുള്ള വൻ ആഴക്കടൽ തുറമുഖവുമാണ്. തന്ത്രപരമായി വളരെ പ്രാധാന്യം ഇതിനുണ്ട്. അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ചൈനയുടെ അതിർത്തിയിൽ നിന്ന് മ്യാൻമറിന്റെ കുറുകെ ബംഗാൾ ഉൾക്കടൽ തീരം വരെ എത്തിച്ചേരുന്ന റെയിൽവേ പാത. ഈ പദ്ധതിയുടെ ഭാഗമായിത്തന്നെ ധാരണയിലെത്തിച്ചേർന്നിട്ടുള്ള ഖനനം - വൈദ്യുതി ഉത്പാദന പദ്ധതികൾ, ഗ്യാസ് - എണ്ണ പൈപ്പ് ലൈനുകൾ തുടങ്ങിയവ മ്യാൻമറിന്റെ മുഖഛായ മാറ്റാൻ പോന്നവയാണ്. ഏകദേശം ഒരുലക്ഷത്തിൽപ്പരം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് ഈ വൻപദ്ധതികളുടെ ഭാഗമായി ബർമ്മയിൽ സൃഷ്ടിക്കപ്പെടാൻ പോകുന്നത് .
ഒരുകാലത്ത് പിൻവാതിലെന്ന് പറഞ്ഞ് തഴയപ്പെട്ടിരുന്ന മ്യാൻമർ ഇന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ബംഗാൾ ഉൾക്കടലിലേക്കുള്ള ചൈനയുടെ സൂപ്പർ ഹൈവേ ആണ്. തുറമുഖവും പൈപ്പ് ലൈനുകളും യാഥാർത്ഥ്യമാകുന്നതോടെ ഗൾഫിൽ നിന്നും ചൈനയിലേക്ക് കയറ്റി അയയ്ക്കപ്പെടുന്ന എണ്ണയും വാതകവുമൊക്കെ മലാക്ക കടലിടുക്ക് ചുറ്റാതെ ബംഗാൾ ഉൾക്കടലിലൂടെ ചൈനയിലെത്തിക്കാൻ സാധിക്കും. ഇത് വെറുമൊരു സാമ്പത്തിക വികസന പദ്ധതിമാത്രമല്ല, സൈനികമായി ചൈനയ്ക്ക് ഇത് വലിയ ഗുണം ചെയ്യും. ഇത്രയും കാലം ഇന്ത്യൻ നേവിയുടെ കളിക്കളമായിരുന്ന ബംഗാൾ ഉൾക്കടൽ ഇനിമുതൽ ചൈനീസ് നേവിയുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമാകും.
റോഹിൻഗ്യ പ്രശ്നം
റോഹിൻഗ്യ പ്രശ്നത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന മ്യാൻമറിന് ചൈനയുടെ ഈ കൈത്താങ്ങ് വലിയ ആശ്വാസമാണ്. പാശ്ചാത്യ രാജ്യങ്ങൾ ഉന്നയിക്കുന്ന മ്യാൻമറിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൈനയെ തെല്ലും അലോസരപ്പെടുത്തുന്നില്ല. യഥാർത്ഥത്തിൽ സാമ്പത്തികമായി സമ്മർദ്ദത്തിലായിരിക്കുന്ന മ്യാൻമറിന് ചൈനയുടെ സാന്നിദ്ധ്യം ജീവവായുമായി മാറുകയാണ്. അത്യാവശ്യഘട്ടത്തിലെ സുഹൃത്തായി ചമയുന്ന തങ്ങളോട് മ്യാൻമറിലെ ജനങ്ങൾക്കുള്ള വിരുദ്ധവികാരവും ഒരു പരിധിവരെ പിടിച്ചുനിറുത്താൻ ഈ പുതിയ തുടക്കം ഉപകരിക്കും.
മുത്തുമാല തന്ത്രം
ചൈനയുടെ സ്വാധീനം ലോകമാകമാനം വർദ്ധിപ്പിക്കാൻ ഇന്ത്യൻ മഹാസമുദ്രം കേന്ദ്രീകരിച്ച് നടത്തുന്ന വൻ അടിസ്ഥാന സൗകര്യ വികസന - സൈനിക പദ്ധതിയാണ് മുത്തുമാല തന്ത്രം. തെക്കേ ഏഷ്യയിൽ ഈ തന്ത്രം ഉപയോഗിക്കുക ഇന്ത്യയെ വരിഞ്ഞ് മുറുക്കാനാണ്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ അയൽപക്കരാജ്യങ്ങളിൽ വമ്പൻ പദ്ധതികളാണ് ചൈന ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി അറബിക്കടൽ തീരത്തോട് ചേർന്ന് ഗ്വാദർ തുറമുഖം ഇതിൽ പ്രധാനപ്പെട്ടതാണ്. കാലക്രമേണ ഈ തുറമുഖം ചൈനയുടെ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗക്കുമെന്നതിൽ തർക്കമില്ല. ചൈന- നേപ്പാൾ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ടിബറ്റ് വഴി നേപ്പാളിലേക്ക് പണിതുകൊണ്ടിരിക്കുന്ന റെയിൽവേപാത ഇന്ത്യയുടെ ഹൃദയഭൂമിയായ ഗംഗാസമതലം ചൈനയുടെ 'നോക്കെത്തും"ദൂരത്താകും. ശ്രീലങ്കയിൽ പണിപൂർത്തിയായിട്ടുള്ള ഹംപൻടോട്ട തുറമുഖം ഇനി നൂറ് വർഷത്തേക്ക് ചൈനയുടെ കസ്റ്രഡിയിലാണ്. ചൈനീസ് അന്തർവാഹിനികളുടെ അവിടേക്കുള്ള സന്ദർശനം വാർത്തയല്ലാതായിക്കഴിഞ്ഞു. ചടങ്ങിന് പ്രതിഷേധിക്കുക മാത്രമാണ് ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് ചെയ്യാൻ കഴിയുന്നത്. മാലിയിലെ പല ദ്വീപുകളും ഇന്ന് ചൈനയ്ക്ക് സ്വന്തമാണ്. അതായത് ചൈനയിൽ നിന്നാരംഭിക്കുന്ന റെയിൽറോഡുകളും ചൈന പണിതിട്ടുള്ള തുറമുഖങ്ങളും മ്യാൻമറിലൂടെ ശ്രീലങ്ക, മാലി വഴി അറബിക്കടലിലൂടെ പാകിസ്ഥാനിൽ കടന്ന് നേപ്പാൾ വഴി ടിബറ്റിൽ എത്തുന്നു. അങ്ങനെ ഈ പാത ഇന്ത്യയ്ക്കെതിരെയുള്ള വളയമായി മാറുകയാണ്. ഇതിനോട് ചേർത്ത് വയ്ക്കാവുന്ന പദ്ധതികൾ ചൈനയ്ക്ക് ബംഗ്ളാദേശിലുമുണ്ട്. ഇത് തെക്കേ ഏഷ്യയിലെ ചിത്രമാണെങ്കിൽ, ബെൽറ്റ് ആൻഡ് റോഡിന്റെ ഭാഗമായിട്ടുള്ള സമുദ്രപാത ഇൻഡോ - പസഫിക് മേഖലയിലുള്ള എല്ലാ രാജ്യങ്ങളെയും കോർത്തിണക്കുന്ന വമ്പൻ മുത്തുമാലയാണ്. ഇതിന്റെ ഭാഗമാണ് ആഫ്രിക്കയിലെ ജിബൂട്ടിയിൽ സ്ഥാപിച്ചിരിക്കുന്ന ചൈനയുടെ , രാജ്യത്തിന് പുറത്തുള്ള ആദ്യ സൈനിക കേന്ദ്രം.
രണ്ടാംലോകമഹായുദ്ധത്തിന് ശേഷം മാർഷൽ പ്ളാനിലൂടെയും മറ്റും അമേരിക്ക ലോകത്താകമാനം തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചതു പോലെയാണ് ചൈന ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ ലോകത്താകമാനം പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്നത്. യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കും ചൈനയ്ക്ക് നേരിട്ട് റെയിൽപ്പാതകളുണ്ട്. മദ്ധ്യ ഏഷ്യ ഏകദേശം പൂർണമായും ചൈനയുടെ നിയന്ത്രണത്തിലാണ്. ചൈനയുടെ ആഗോള മേധാവിത്വ തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ഈ പദ്ധതികളെല്ലാം തന്നെ നടപ്പിലാക്കുന്നത്. ഇതിൽ ഏറ്റവും പ്രാധാന്യം നൽകുന്നത് സ്വന്തം അയൽപക്കത്ത് നിന്ന് ചൈനയെ വെല്ലുവിളിക്കാൻ ശേഷിയുള്ള ഇന്ത്യയെ വരിഞ്ഞുമുറുക്കുന്നതിനാണ്.
ഇന്ത്യ സൂക്ഷിക്കണം
ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും തെക്കേ ഏഷ്യ ഇന്ത്യയുടെ തട്ടകമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡം എന്ന പേരുതന്നെ അക്കാരണത്താലാണ്. ഈ ഭൂമികയിലാണ് ചൈന തങ്ങളുടെ സൈനികവും സാമ്പത്തികവുമായ സ്വാധീനം ഊട്ടിയുറപ്പിക്കുന്നത്. ആഗോളശക്തിയാകാൻ ശ്രമിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുടെ മുത്തുമാല തന്ത്രം വലിയ വെല്ലുവിളിയാണ്.
സ്വന്തം അയൽപക്കത്ത് വെല്ലുവിളി നേരിടുന്ന ഇന്ത്യയ്ക്ക് എങ്ങനെ വൻശക്തിയാകാൻ കഴിയുമെന്ന ചോദ്യം ഗൗരവമേറിയതാണ്. വമ്പിച്ച സാമ്പത്തിക നടപടികളിലൂടെയും നയതന്ത്രത്തിലൂടെയും അയൽപക്ക രാജ്യങ്ങളെ കൂടെ നിറുത്തിയാൽ മാത്രമേ ഇന്ത്യയുടെ വൻശക്തി മോഹങ്ങൾ പൂവണിയൂ. ചൈന നെയ്യുന്ന വല ഭേദിച്ച് ഇന്ത്യ അയൽപക്കങ്ങളെ കൂടെ നിറുത്തേണ്ടത് അനിവാര്യതയാണ്.