jaggi-vasudev

ദാവോസ്: പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന 'അക്രമസംഭവങ്ങൾ' രാജ്യത്തേക്ക് എത്തുന്ന വിദേശ നിക്ഷേപത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന ആരോപണവുമായി യോഗാചാര്യൻ ജഗ്ഗി വാസുദേവ്. തെരുവിൽ 'ബസുകൾ കത്തിക്കുന്ന' ഒരു രാജ്യത്ത് എങ്ങനെയാണ് വിദേശ നിക്ഷേപം ഉണ്ടാകുകയെന്നാണ് ജഗ്ഗി ചോദിക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ രാജ്യത്തെ കുറിച്ചുള്ള മോശം ചിത്രമാണ് ലോകത്തിന് മുൻപിൽ കാണപ്പെടുകയെന്നും എന്നാൽ അങ്ങനെ സംഭവിച്ചത് ഒരു ചെറിയ കാര്യമാണെങ്കിലും അത് അവഗണിക്കാവുന്നതല്ലെന്നും ജഗ്ഗി വ്യക്തമാക്കി.

പൗര പ്രതിഷേധങ്ങൾ സംബന്ധിച്ചുള്ള ചിത്രങ്ങൾ ലോകത്തിന് മുൻപിൽ വെളിവാക്കാതിരിക്കുന്നത് നമ്മുടെ കർത്തവ്യമാണെന്നും 400 മില്ല്യൺ ജനങ്ങൾ പോഷകാഹാരം ലഭിക്കാതെ വലയുമ്പോൾ രാജ്യം നേടേണ്ടുന്ന കാര്യങ്ങൾ നേടാനാവില്ലെന്നും ജഗ്ഗി അഭിപ്രായപ്പെടുന്നു. രാജ്യത്തെ ജനങ്ങളുടെ പിന്തുണയോടെ നിക്ഷേപം വളർത്തുകയാണ് വേണ്ടത്. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയ്ക്ക് മുന്നിലുള്ള സാദ്ധ്യതകൾ തന്നെ ആവേശഭരിതനാക്കുന്നുണ്ടെങ്കിലും രാജ്യത്ത് സമാധാനാന്തരീക്ഷം നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്നും ജഗ്ഗി പറഞ്ഞു. ഇന്ത്യാ-പാകിസ്ഥാൻ വിഭജനത്തിന്റെ സമയത്ത് ഇന്ത്യയിൽ തുടർന്നവരുമായാണ് പൗരത്വ നിയമഭേദഗതിക്ക് ബന്ധമുള്ളതെന്നും സുഖമായി തങ്ങൾക്ക് അവിടെ താമസിക്കാമെന്ന ബോധ്യത്തിലാണ് അവർ തുടർന്നതെന്നും ജഗ്ഗി പറയുന്നു.

എന്നാൽ രണ്ടു രാജ്യങ്ങളും ഇത്രയധികം അകലുമെന്ന് ആരും കരുതിയില്ലെന്നും ജഗ്ഗി വാസുദേവ് പറഞ്ഞു. ജനാധിപത്യ ഇൻഡക്സ് 2019ന്റെ കണക്കിൽ 10 സ്ഥാനങ്ങൾ പിറകിലായി 51ആം സ്ഥാനത്ത് രാജ്യം എത്തിയ പശ്ചാത്തലത്തിലാണ് ജഗ്ഗിയുടെ ഈ പ്രസ്താവന വരുന്നത്. 165 രാജ്യങ്ങൾക്കും രണ്ട് ഭൂപ്രദേശങ്ങൾക്കുമാണ് പട്ടികയിൽ സ്ഥാനമുള്ളത്. പട്ടികയിൽ 10ൽ 6.9 ആണ് ഇന്ത്യയുടെ സ്‌കോർ. രാജ്യത്തിന്റെ സ്‌കോർ ഇത്രയും താഴെ പോകുന്നത് ഇതാദ്യമായാണ്.