mobile-chating

തളിപ്പറമ്പ്: ഷെയർചാറ്റ് വഴി പരിചയപ്പെട്ട് ഒൻപതാംക്ലാസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ. കൊയ്യം പെരുന്തിലേരി ബോട്ട്കടവിലെ എ.വി.വാഹിദിനെയാണ്(22) തളിപ്പറമ്പ് സി ഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20നാണ് പെൺകുട്ടിയെ കൊളത്തൂരിലെ വിജനമായ റബ്ബർതോട്ടത്തിലെത്തിച്ച് വാഹിദ് പീഡിപ്പിച്ചത്. സ്‌കൂളിൽ പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന പെൺകുട്ടിയെ സ്‌കൂളിൽ ഇറക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ഹുസൈൻ കരിമ്പം എന്ന പേരിലാണ് ഈ പെൺകുട്ടിയെ പരിചയപ്പെട്ടത്. സൈബർസെൽ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതി വാഹിദാണെന്ന് തിരിച്ചറിഞ്ഞത്.പൊലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ ഇയാൾ തേർളായി കടവിന് സമീപം ഒളിവിൽ കഴിയുകയായിരുന്നു.


ബോട്ട്കടവിന് സമീപത്തെ ഇയാളുടെ ബന്ധുവിന്റെ പൊളിഞ്ഞുകിടക്കുന്ന കടയിൽ നിന്നാണ് തളിപ്പറമ്പ് എസ് .ഐ. കെ.പി.ഷൈൻ, എ .എസ്. ഐ എ.ജി.അബ്ദുൾറൗഫ്, സീനിയർ സി.പി.ഒമാരായ. സ്‌നേഹേഷ്, ഗിരീഷ്, സി.പി.ഒമാരായ ദിനേഷ്, വിപിൻ എന്നിവർ ചേർന്ന് ഈയാളെ പിടികൂടിയത്.

പിടിയിലാകുമ്പോഴും ചാറ്റിംഗിൽ
അറസ്റ്റിലാകുമ്പോൾ ഈയാൾ വടകരയിലെ ഒരു പെൺകുട്ടിയുമായി ചാറ്റിംഗ് നടത്തുകയായിരുന്നു. പല പേരുകളിലായി ഈയാൾ 46 ഓളം പെൺകുട്ടികളുമായി ചാറ്റിംഗ് നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരേസമയം നാല് പെൺകുട്ടികളുമായിട്ട് വാഹിദ് ചാറ്റിംഗ് നടത്താറുണ്ട്. മൂന്ന് ഫോണുകൾ ഉപയോഗിച്ചാണ് വാഹിദിന്റെ പെൺവേട്ട. ഇതിനകം പല പെൺകുട്ടികളെയും ഈയാൾ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.