ashraf-

മുക്കം: സിഗരറ്റില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി വിദ്യാര്‍ത്ഥിനിയെ മയക്കിയ ശേഷം പീഡിപ്പിച്ച കേസില്‍ പ്രതി കൊടിയത്തൂര്‍ ചെറുവാടിയിലെ സി.ടി അഷ്റഫിനെ (19) മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. സിഗരറ്റില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ഇയാള്‍ വിദ്യാര്‍ത്ഥിനിയെ മൂന്ന് വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിന്റെ ശുചിമുറിയില്‍നിന്ന് പുകവലിച്ച പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു, തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയോട് അദ്ധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം കുട്ടി പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ നിന്നുമാണ് അഷ്റഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


കൊടിയത്തൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും എന്‍.ഐ.ടി പരിസരത്തും ലഹരി മരുന്നുകള്‍ വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഓട്ടോമൊബൈല്‍ വിദ്യാര്‍ഥികൂടിയായ അഷ്റഫെന്ന് പൊലീസ് പറഞ്ഞു.
സബ് ഇന്‍സ്‌പെക്ടര്‍ സാജിദ്, എ.സി.പി.ഒ ശ്രീജേഷ്, ഡ്രൈവര്‍ വിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.