kangana-ranaut

മുംബയ്: സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ട് ബോളിവുഡ് നടി കങ്കണ റനാവത്ത്. 'നിർഭയ' കേസിലെ പ്രതികളോട് 'നിർഭയ'യുടെ അമ്മ ആശാ ദേവി ക്ഷമിക്കണമെന്ന് ഇന്ദിരാ ജയ്‌സിംഗ് അഭ്യർത്ഥിച്ചത് അടുത്തിടെ വിവാദമായിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് കങ്കണ വിമർശനവുമായി കങ്കണ രംഗത്തെത്തിയത്. ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന സ്ത്രീകളാണ് രാക്ഷസന്മാർക്ക് ജന്മം നൽകുന്നതെന്നും അവരെ കേസിലെ പ്രതികൾക്കൊപ്പം ജയിലിൽ അടയ്‌ക്കേണ്ടതാണെന്നുമായിരുന്നു കങ്കണയുടെ വാക്കുകൾ.

'ആ സ്ത്രീയെ റേപ്പിസ്റ്റുകളുടെ ഒപ്പം നാല് ദിവസത്തേക്ക് ജയിലിൽ അടയ്ക്കുകയാണ് വേണ്ടത്. അവർക്ക് അത് ആവശ്യമുണ്ട്. റേപ്പിസ്റ്റുകളോട് സഹാനുഭൂതി കാണിക്കുന്ന അവർ എങ്ങനെയുള്ള സ്ത്രീയാണ്? ഇത്തരത്തിലുള്ള സ്ത്രീകളാണ് രാക്ഷസന്മാർക്ക് ജന്മം നൽകുന്നത്. റേപ്പിസ്റ്റുകളോട് ഇത്തരത്തിൽ സഹാനുഭൂതിയും സ്നേഹവും പ്രകടിപ്പിക്കുന്ന സ്ത്രീകളാണ് രാക്ഷസന്മാരെ പ്രസവിക്കുന്നത്.' തന്റെ പുതിയ ചിത്രമായ 'പാംഗ'യുടെ പ്രചാരണ വേദിയിലാണ് കങ്കണ ഇന്ദിരാ ജയ്‌സിംഗിനെതിരെയുളള വിമർശനം.

മറ്റുള്ളവർ ഭാവിയിൽ ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പീഡനങ്ങൾ നടത്തുന്നവരെ പൊതുജനമധ്യത്തിൽ തൂക്കിക്കൊല്ലണമെന്നും കങ്കണ പറഞ്ഞു.' ഇവരെ നിശബ്ദമായി തൂക്കിക്കൊല്ലാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം. ഒരു മാതൃകയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏറ്റവും വലിയ ശിക്ഷ നൽകുന്നതിന് എന്ത് അർത്ഥമാണുള്ളത്? അവരെ പൊതുജനങ്ങളുടെ മുൻപിൽ വച്ചാണ് തൂക്കിക്കൊല്ലേണ്ടത്.' കങ്കണ പറഞ്ഞു.

രാജീവ് ഗാന്ധിയുടെ കൊലയാളികൾക്ക് മാപ്പ് നൽകിയ സോണിയ ഗാന്ധിയെ മാതൃകയാക്കി നിർഭയ കേസിലെ പ്രതികളോട് ക്ഷമിക്കണമെന്ന് പറഞ്ഞ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗിനെതിരെ നിർഭയയുടെ അമ്മ ആശാദേവി അടുത്തിടെ പൊട്ടിത്തെറിച്ചിരുന്നു. തന്നോട് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാൻ ഇന്ദിരാ ജയ്‌സിംഗിന് എങ്ങനെയാണ് ധൈര്യം വന്നതെന്ന് ആശാദേവി ചോദിച്ചു.

പ്രതികളെ തൂക്കിലേറ്റാൻ രാജ്യം മുഴുവൻ ആവശ്യപ്പെടുമ്പോൾ ഇവർ എന്താണ് ഇങ്ങനെ പറയുന്നത്. പീഡനത്തിനിരയായ പെൺകുട്ടികൾക്ക് ഈ രാജ്യത്ത് നീതി ലഭിക്കാത്തത് ഇത്തരം അഭിഭാഷകരുള്ളതുകൊണ്ടണ്ടാണെന്നും തനിക്ക് അവരുടെ ഉപദേശം വേണ്ടെന്നുമാണ് ആശാ ദേവി പ്രതികരിച്ചിരുന്നത്.