ന്യൂഡൽഹി : നിർഭയ കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊടും കുറ്റവാളികളുടെ ശിക്ഷ നടപ്പിലാക്കുന്ന ദിവസം അടുത്തിരിക്കുകയാണ്. കോടിതി പുറത്തിറക്കിയ രണ്ടാം മരണവാറണ്ട് പ്രകാരം ഫെബ്രുവരി ഒന്നാം തീയതിയാണ് ശിക്ഷ നടപ്പിലാക്കേണ്ടത്. ഇതിന് മുന്നോടിയായി പ്രതികൾക്ക് എന്തെങ്കിലും അന്ത്യാഭിലാഷമുണ്ടോ എന്ന് ജയിൽ അധികൃതർ ആരാഞ്ഞു. എന്നാൽ ഇതിന് പ്രതികരിക്കാതെ മൗനത്തിലായിരുന്നു പ്രതികൾ. കോടതി ആദ്യമിറക്കിയ മരണവാറണ്ട് പ്രകാരം ഇന്നലെയായിരുന്നു ഇവരുടെ ശിക്ഷ നടപ്പിലാക്കേണ്ടിയിരുന്നത്. എന്നാൽ പ്രതികൾ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദയാഹർജി രാഷ്ട്രപതിക്ക് സമർപ്പിച്ചതിനാൽ ആദ്യമിറക്കിയ മരണവാറണ്ട് മരവിപ്പിക്കേണ്ടി വന്നിരുന്നു. കേവലം രണ്ട് മണിക്കൂറുകൾ മാത്രം എടുത്ത് ദയാഹർജി രാഷ്ട്രപതി തള്ളിയതോടെ വധ ശിക്ഷയ്ക്കായി രണ്ടാമതും മരണവാറണ്ട് കോടതി ഇറക്കിയിരുന്നു. ദയാഹർജി തള്ളിയാൽ പതിനാല് ദിവസങ്ങൾ കൂടി പ്രതികൾക്ക് നൽകണമെന്ന് വ്യവസ്ഥയുണ്ട്. പ്രതികൾക്ക് അവരുടെ ബന്ധുക്കളെ കാണുന്നതിനും, വിൽപത്രം എഴുതാനും, മാനസികമായി ശിക്ഷ സ്വീകരിക്കുവാൻ തയ്യാറാകുന്നതിനുമായിട്ടാണ് ഇത്രയും ദിവസങ്ങൾ നൽകുന്നത്. എന്നാൽ ഇതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം മൗനമാണ് പ്രതികളുടെ ഉത്തരം.
വിധി വൈകിപ്പിക്കുന്നതിനായി കോടതിയിൽ വീണ്ടും ഹർജി നൽകിയുള്ള പ്രതികളുടെ അഭിഭാഷകരുടെ നീക്കവും ശക്തമാണ്. മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് സിംഗ്, പവൻ ഗുപതഎന്നീ നാല് പ്രതികളാണ് വധശിക്ഷ കാത്ത് കഴിയുന്നത്. രണ്ടു പേർ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജിയും നൽകിയിരുന്നുവെങ്കിലും ഇത് തള്ളിയിരുന്നു. രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത് പവൻ ഗുപ്ത എന്ന പ്രതിയാണ്. വധ ശിക്ഷ വൈകിപ്പിക്കുന്നതിനായി ബാക്കിയുള്ള പ്രതികളും ഓരോരുത്തരായി ദയാഹർജി സമർപ്പിക്കുവാനിടയുണ്ട്. എന്നാൽ ഇതിന് തടയിടാനായി മരണ വാറണ്ട് നൽകി കഴിഞ്ഞാൽ ഹർജികൾ നൽകുന്നതിന് ഒരു സമയപരിധി വെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ശിക്ഷ വേഗത്തിൽ നടപ്പിലാക്കണമെന്നാണ് രാജ്യത്തെ പൊതുവികാരം.