ssi

എറണാകുളം: കളിയിക്കാവിളയിൽ എസ്.എസ്.ഐ വിൽസണെ കൊലപ്പെടുത്താൻ പ്രതികളുപയോഗിച്ച തോക്ക് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസ് കണ്ടെടുത്തു. കേസിലെ നിർണായക തെളിവായ ഈ ആയുധം എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഓടയിൽ നിന്നുമാണ് പൊലീസ് കണ്ടെടുത്തത്. സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണ് തങ്ങൾ കണ്ടെടുത്തതെന്നാണ് പൊലീസ് പറയുന്നത്. കേസിലെ പ്രതികളായ അബ്‌ദുൾ ഷമീം, തൗഫീഖ് എന്നിവരെ പാളയംകോട്ട ജയിലിൽ നിന്നും തെളിവെടുപ്പിനായി പൊലീസ് എറണാകുളത്തേക്ക് എത്തിക്കുകയായിരുന്നു.

ഇവരുടെ കൈവശം എങ്ങനെയാണ് ഇത്തരത്തിലുള്ള തോക്ക് വന്നതെന്ന് അന്വേഷിക്കുമെന്ന് ക്യൂ ബ്രാഞ്ച് ഡി.വൈ.എസ്.പിയായ കെ. ഗണേശൻ അറിയിച്ചു. എസ്.എസ്.ഐയെ വധിച്ച ശേഷം കളിയിക്കാവിളയിൽ നിന്നും ബസ് മാർഗമാണ് ഇവർ എറണാകുളത്തേക്ക് എത്തിയത്. കൊലപാതകത്തിന്റെ വാർത്ത പത്രത്തിൽ കണ്ടതോടെയാണ് തോക്ക് ഓടയിൽ ഉപേക്ഷിക്കാൻ ഇവർ തീരുമാനിച്ചത്. തുടർന്ന് ബസിൽ ഇവർ ഉഡുപ്പിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഒടുവിൽ തിരുവനന്തപുരത്ത് നിന്നും വന്ന വെരാവൽ ഏക്സ്പ്രസിൽ വച്ച് റെയിൽവേ സുരക്ഷാ വിഭാഗവും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു.

കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചവരെന്ന് പൊലീസ് സംശയിക്കുന്ന മെഹ്ബൂഹ് പാഷയും ഇജാസ് പാഷയും ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. കേന്ദ്ര സർക്കാർ നിരോധിച്ച അൽ-ഉമ്മ എന്ന ഇവരുടെ തീവ്രവാദ സംഘടന തമിഴ്‌നാട് നാഷണൽ ലീഗ് എന്ന പേരിൽ ഇവർ പുനർനാമകരണം ചെയ്തിരുന്നു. ബംഗളൂരുവും ഡൽഹിയും കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. 17 പേരുള്ള ഇവരുടെ സംഘാംഗങ്ങൾ പല വേഷങ്ങളിലും പേരുകളിലുമാണ് കർണാടകത്തിൽ കഴിഞ്ഞിരുന്നത്.