sabarimala-

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. യുവതിപ്രവേശനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൽ ഉയർന്നു വന്നപ്പോൾ സ്ത്രീ വിരുദ്ധമായ നിലപാടാണ് കേരളത്തിലെ വലതുപക്ഷം സ്വീകരിച്ചത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് മനുഷ്യച്ചങ്ങലയടക്കം സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ സി.പി.എം തീരുമാനിച്ചിരുന്നെങ്കിൽ പതിനായിരക്കണക്കിന് സ്ത്രീകൾ അവിടെ കയറിയേനെ. എന്നാൽ അങ്ങനെ ഒരു നിലപാട് സി.പി.എം സ്വീകരിച്ചില്ല. കോടതി വിധി നടപ്പിലാക്കുമെന്ന നിലപാടാണ് സി.പി.എമ്മും സർക്കാരും സ്വീകരിച്ചതെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പി.ജയരാജന്റെ വാക്കുകൾ

ശബരിമല വിഷയത്തിലാണെങ്കിൽ നേരത്തെ പാർട്ടിയും എൽ.ഡി.എഫും കൈക്കൊണ്ടിട്ടുള്ള നിലപാട് സുപ്രീം കോടതിയുടെ വിധി നടപ്പാക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ്. അപ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നപ്പോൾ സ്ത്രീ വിരുദ്ധമായ നിലപാടാണ് കേരളത്തിലെ വലതുപക്ഷം സ്വീകരിച്ചത്. അതിനെ പ്രതിരോധിക്കുന്നതിനായിരുന്നു മനുഷ്യ ചങ്ങലയടക്കം സംഘടിപ്പിച്ചത്. സ്ത്രീവിരുദ്ധമായ കാര്യങ്ങളാണ് സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വലതുപക്ഷം ഉന്നയിച്ചിരുന്നത്.


സി.പി.എമ്മിന് എല്ലാ കാലത്തും ഒരേ നിലപാടാണ്. ആചാര സംബന്ധിയായിട്ടുള്ള കാര്യങ്ങളിൽ ആധികാരികമായി അഭിപ്രായം പറയാൻ അധികാരമുള്ള കേന്ദ്രങ്ങളെ കൂടി ആശ്രയിക്കണമെന്ന് വിധിക്ക് മുമ്പായി സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിശ്വാസികളിൽ ഒരു വിഭാഗം എൽ.ഡി.എഫ് കൈകൊണ്ട നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുള്ള മുഖ്യമായ കാരണം ശബരിമല വിഷയം അല്ല. ദേശീയ തലത്തിൽ മോദിക്ക് പകരം രാഹുൽ ഗാന്ധിവരും എന്ന തെറ്റിധാരണയാണ് ഇടതുമുന്നണിയെ ഏറ്റവും കൂടുതൽ ബാധിച്ചത്.


സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ സി.പി.എം തീരുമാനിച്ചിരുന്നെങ്കിൽ പതിനായിരക്കണക്കിന് സ്ത്രീകൾ അവിടെ കയറിയേനെ. എന്നാൽ അങ്ങനെ ഒരു നിലപാട് സി.പി.എം സ്വീകരിച്ചില്ല. കോടതി വിധി നടപ്പിലാക്കുമെന്ന നിലപാടാണ് സി.പി.എമ്മും സർക്കാരും സ്വീകരിച്ചത്- ജയരാജൻ പറഞ്ഞു.