ഗഗൻയാനോടൊപ്പം, ഇന്ത്യയിലെ ജനങ്ങൾക്ക് മറ്റൊരു പുതുവത്സര സമ്മാനം നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ. അതും ആരും ഒട്ടും നിനയ്ക്കാതെ. ഇന്ത്യൻ ഉപഭോക്താളുടെ ഫോണുകളിലേക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനമാണ് ഐ.എസ്.ആർ.ഒ എത്തിക്കുന്നത്. അമേരിക്കയുടെ ജി.പി.എസിനേക്കാൾ നൂതനം എന്ന് ഐ.എസ്.ആർ.ഒ വിശേഷിപ്പിക്കുന്ന ഈ സംവിധാനത്തിന് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ(നാവ്ൽ-സി) എന്നാണ് ഐ.എസ്.ആർ.ഒ പേര് നൽകിയിരിക്കുന്നത്.
നിലവിൽ അമേരിക്ക വികസിപ്പിച്ചെടുത്ത ജി.പി.എസ് ആണ് ഐ.എസ്.ആർ.ഒ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ബഹിരാകാശ രംഗത്ത് കൈവരിച്ച വിവിധ രാജ്യങ്ങൾ അവർ സ്വന്തമായി വികസിപ്പിച്ചെടുത്ത സാറ്റലൈറ്റ് സംവിധാനമാണ് ഉപയോഗിച്ചു വരുന്നത്. റഷ്യയുടെ ഗ്ളോനസ്, യൂറോപ്യൻ യൂണിയന്റെ ഗലീലിയോ, ചൈനയുടെ ബി.ഡി.എസ് എന്നിവയാണ് ഇപ്പോൾ ലോകത്ത് ഉപയോഗത്തിലിരിക്കുന്ന സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനങ്ങൾ.
സ്മാർട്ഫോൺ പ്രൊസസർ നിർമാതാക്കളായ ക്വാൽകോമാണ് ഈ നാവിഗേഷൻ സിസ്റ്റം ഉൾപ്പെടുത്തിയ പ്രൊസസറുകൾ പുറത്തിറക്കുക. ഇത്തരത്തിൽ മൂന്ന് പ്രൊസസറുകൾ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി, 662, 460 എന്നിങ്ങനെയുള്ള പേരുള്ള പ്രൊസസറുകൾ ആണിവ. സ്മാർട്ഫോൺ നിർമാതാക്കളായ റിയൽമി, ഷവോമി എന്നീ കമ്പനികളാണ് നാവ്ൽ സംവിധാനം ഉൾപ്പെടുത്തിയ ഫോണുകൾ നിർമ്മിക്കുക.
ഇക്കൂട്ടത്തിൽ ആദ്യം പുറത്തിറങ്ങുന്ന 720 ജി പ്രൊസസർ ഉള്ള സ്മാർട്ഫോണാണ്. ഇന്ത്യയിൽ മാത്രമാണ് നാവ്ൽ-സി ഉപയോഗിച്ച് നിർമിക്കുന്ന ഫോണുകൾ പുറത്തിറങ്ങുകയെന്നതും പ്രധാന സവിശേഷതയാണ്. ഇന്ത്യൻ സാഹചര്യങ്ങളുമായി ഒത്തുപോകുന്ന നാവ്ൽ-സി പ്രവർത്തിക്കുന്നതിനായി ഇന്ത്യൻ റീജ്യണൽ നാവിഗേഷൻ സാറ്റലൈറ്റുകളാണ്(ഐ.ആർ.എൻ.എസ്) ഐ.എസ്.ആർ.ഒ ഉപയോഗിക്കുക. കാറുകൾക്ക് വേണ്ടിയും ഈ സംവിധാനം ഉപയോഗപ്പെടുത്തുമെന്നും ബഹിരാകാശ കേന്ദ്രം അറിയിച്ചിട്ടുണ്ട്.