കൊച്ചി: തെരുവ് മദ്ധ്യത്തിൽ കഞ്ചാവടിച്ച് യുവാക്കളുടെ അഴിഞ്ഞാട്ടം. കഞ്ചാവടിച്ചുകൊണ്ട് അക്രമം നടത്തുകയും, വഴിയാത്രക്കാരെ മർദ്ധിക്കുകയും, നാട്ടുകാർക്കിടയിൽ ഭീതി പടർത്തുകയും ചെയ്ത യുവാക്കളെ എറണാകുളം സെൻട്രൽ പൊലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു.മറൈൻ ഡ്രൈവിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളോട് ചേർന്നുള്ള നടപ്പാതയിലായിരുന്നു യുവാക്കളുടെ ഈ അതിക്രമം. കഞ്ചാവ് ഉപയോഗിച്ച് ലഹരി തലയ്ക്ക് പിടിച്ച ഇവർ വഴിയാത്രക്കാരെ ഉൾപ്പെടെ ആക്രമിച്ചതോടെ സ്ഥലത്ത് പൊലീസ് എത്തുകയായിരുന്നു.
പൊലീസ് ഫ്‌ളൈയിംഗ് സ്‌ക്വാഡിലെ എ.എസ്.ഐ സുധീർ അടക്കമുള്ള പൊലീസുകാർ ഇവിടേക്കെത്തി ഇവരെ നേരിടാൻ ഒരുങ്ങുകയായിരുന്നു. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാർക്ക് നേരെയും ഇവരുടെ ഭീഷണി നീണ്ടു. പൊലീസിനെ ഒരാൾ കത്തിക്കാട്ടി ഭീഷണിപ്പെടുത്തുകയും മറ്റൊരാൾ കുപ്പി സ്വന്തം തല അടിച്ച് പൊട്ടിക്കുകയും ചോര വരുത്തുകയും ചെയ്തു.
സമീപത്തെ കടകളിലെ ചില്ലുകുപ്പികളാണ് ഇവർ ഇതിനായി ഉപയോഗിച്ചത്. ഏലംകുളം സ്വദേശി വിശാൽ ബോബൻ, മട്ടാഞ്ചേരിക്കാരനായ അൽത്താഫ്, മുളവുകാട് സ്വദേശി ബ്രയാൻ ആഡം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും 19 വയസ് പിന്നിട്ടവരാണ്. സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചപ്പോഴും കഞ്ചാവ് ലഹരി ഇവരെ വിട്ടുമാറിയിരുന്നില്ല.