കൊച്ചി: ഇന്ത്യയിലെ ഏറ്രവും സുരക്ഷിത കാറെന്ന പെരുമയുമായി ടാറ്റാ മോട്ടോഴ്‌സിന്റെ പ്രഥമ പ്രീമിയം ഹാച്ച്‌ബാക്ക് മോഡൽ അൾട്രോസ് വിപണിയിലെത്തി. ടാറ്റയുടെ പുത്തൻ ആൽഫ ആർക്കിടെക്‌ചറിൽ നിർമ്മിക്കപ്പെട്ട അൾട്രോസ്, സുരക്ഷാ മികവിന് ഗ്ളോബൽ എൻകാപിന്റെ 5 സ്‌റ്റാർ റേറ്റിംഗ് നേടിയിരുന്നു. ടാറ്റയുടെ നെക്‌സോണിനുമുണ്ട് ഈ റേറ്റിംഗ്.
ഹാച്ച്‌ബാക്കിൽ 5 സ്‌റ്റാർ ലഭിക്കുന്ന ആദ്യ ഇന്ത്യൻ മോഡലാണ് അൾട്രോസെന്ന് ടാറ്റാ മോട്ടോഴ്‌സ് ചീഫ് ടെക്‌നോളജി ഓഫീസർ രാജേന്ദ്ര പേട്‌കർ പറഞ്ഞു. മികവുറ്റ സുരക്ഷ, ആകർഷകമായ ഗോൾഡ് സ്‌റ്റാൻഡേർഡ് - 2.0 ഇപാംക്‌റ്റ് ഡിസൈൻ, ഉന്നത സാങ്കേതികവിദ്യ, മികച്ച ഡ്രൈവിംഗ് അനുഭവം, ഉപഭോക്തൃ സംതൃപ്‌തി എന്നീ മികവുകളിൽ അധിഷ്‌ഠിതമാണ് അൾട്രോസ്.
17.78 സെന്റീമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ്, വിയറബിൾ കീ, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., ഡ്യുവൽ എയർബാഗുകൾ, റിവേഴ്‌സ് പാർക്കിംഗ് കാമറ എന്നിങ്ങനെ ഒട്ടേറെ ഫീച്ചറുകളാൽ സമ്പന്നമാണ്, മികച്ച അഴകുള്ള അൾട്രോസ്.
ബി.എസ്-6 ചട്ടം പാലിക്കുന്ന അൾട്രോസിന് പെട്രോളിലും ഡീസലിലും എക്‌സ്.ഇ., എക്‌സ്.എം., എക്‌സ്.ടി., എക്‌സ്.ഇസഡ്., എക്‌സ്.ഇസഡ് (ഒ) എന്നീ വേരിയന്റുകളാണുള്ളത്. 1.2 ലിറ്റർ പെട്രോൾ വേരിയന്റിന് 5.29 ലക്ഷം രൂപ മുതലും 1.5 ഡീസൽ വേരിയന്റിന് 6.99 ലക്ഷം രൂപ മുതലുമാണ് വില. ഗിയർ സംവിധാനം 5-സ്‌പീഡ് മാനുവൽ. അഞ്ച് നിറഭേദങ്ങളുണ്ട്.
ഇലക്‌ട്രിക് പെരുമ
ടാറ്രാ നെക്‌സോണിന്റെ ഇലക്‌ട്രിക് പതിപ്പ് ഈമാസം 28ന് വിപണിയിലെത്തും. അൾട്രോസ് ഇലക്‌ട്രിക്കും പണിപ്പുരയിലാണെന്ന് രാജേന്ദ്ര പേട്‌കർ പറഞ്ഞു. വൈകാതെ വിപണിയിലെത്തും.
കേരളം നമ്പർ വൺ
ടാറ്റയുടെ ഇന്ത്യയിലെ ഏറ്റവും വലുതും ഉയർന്ന വളർച്ച കുറിക്കുന്നതുമായ വിപണിയാണ് കേരളം. 7.9 ശതമാനമാണ് കേരളത്തിലെ വിപണി വിഹിതം. നടപ്പുവർഷം കേരള വിപണി 26 ശതമാനം നഷ്‌ടം നേരിട്ടെങ്കിലും ടാറ്രാ മോട്ടോഴ്‌സ് 19 ശതമാനം വളർച്ച നേടി.