ajit-doval

ന്യൂഡൽഹി : ചൈന പിടിമുറുക്കുന്ന ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയിലേക്ക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് നടത്തിയ ദൗത്യം വിജയകരമെന്ന് റിപ്പോർട്ട്. ശ്രീലങ്കയിൽ തുറമുഖവും, റോഡുകളുമുൾപ്പടെ നിർമ്മിക്കുവാനായി നിർബാധം പണമൊഴുക്കുന്ന ചൈനയെ തന്ത്രങ്ങളിലൂടെ ഒതുക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഡോവൽ എത്തിയത്. ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുമായി ഡോവൽ നടത്തിയ ചർച്ചയെ തുടർന്ന് ഇന്ത്യയുമായുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുമെന്ന് ശ്രീലങ്ക അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും സഹകരിച്ചു കൊണ്ട് മാരിടൈം റിസർച്ച് സെന്റർ ആരംഭിക്കുന്നതിനെകുറിച്ചും ചർച്ച ചെയ്തു. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിന് ശ്രീലങ്കൻ അധികൃതർ തയ്യാറായിട്ടില്ല.

ഇന്ത്യയെ ഉപേക്ഷിക്കാൻ ശ്രീലങ്കയ്ക്കാവില്ല

പണത്തിന്റെ ഹുങ്കിൽ ചൈനയ്ക്ക് ശ്രീലങ്കയിൽ മേൽക്കൈ നേടാമെങ്കിലും ഇന്ത്യയുടെ തന്ത്രപരമായ സ്ഥാനം ശ്രീലങ്കയ്ക്ക് തള്ളിക്കളയാനാവില്ല. ഇന്ത്യയുടെ കരുത്തിനെ മറികടക്കാൻ ചൈനയുടെ സൗഹൃദം കൊണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ രാജപക്‌സെ സഹോദരങ്ങൾ ഇന്ത്യയെ വെറുപ്പിച്ച് കൊണ്ടുള്ള തീരുമാനങ്ങളെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കുമെന്ന് ഉറപ്പാണ്. അതേസമയം മുൻപത്തെ പോലെ ശ്രീലങ്കയെ നിസാരമെന്ന രീതിയിൽ കാണുവാൻ ഇന്ത്യയും തയ്യാറല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ത്യയെ സംബന്ധിച്ച് അത്ര ശുഭകരമായിരുന്നില്ലെങ്കിലും, ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന ഗോതാബയ രാജപകസെയെ നേരിട്ടെത്തി അഭിനന്ദിക്കുവാൻ ഇന്ത്യൻ വിദേശ കാര്യ മന്ത്രിയെ നരേന്ദ്രമോദി അയച്ചിരുന്നു. ഇതിന് പിന്നാലെ ഗോതാബയ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ന്യൂഡൽഹിയിലെത്തുകയും ചെയ്തു. ഇന്ത്യയിലെത്തിയ ഗോതാബയ രാജപകസെക്ക് 450മില്യൺ ഡോളറിന്റെ ധനസഹായം നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർ ചർച്ചയ്ക്കായിട്ടാണ് ഡോവൽ ശ്രീലങ്കയിലെത്തിയതെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷ്യം.