മുംബയ്: ബി.ജെ.പി വിട്ട ശിവസേന, തീവ്ര ഹിന്ദുത്വ നിലപാടുകളിൽ അയവുവരുത്തി കോൺഗ്രസിനോട് അടുത്തപ്പോൾ,
ഹിന്ദുത്വ നിലപാടുകൾ തീവ്രമാക്കി ശിവസേനയുടെ പഴയ ഇടം പിടിക്കാനൊരുങ്ങി മഹാരാഷ്ട്ര നവനിർമാൺ സേനാ നേതാവ് രാജ് താക്കറെ.
എം.എൻ.എസിന്റെ കാവി, നീല, പച്ച നിറങ്ങളിലുള്ള പതാക മാറ്റി, കാവി നിറം മാത്രമുള്ള പുതിയ പതാക ഇന്നലെ പുറത്തിറക്കി. ച്ഛത്രപജി ശിവജിയുടെ കാലത്തെ രാജമുദ്രയും പതാകയിലുണ്ട്. ഒപ്പം രാജ് താക്കറെയുടെ മകൻ അമിത് താക്കറെയെ (27) രാഷ്ട്രീയത്തിലിറക്കി. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ജന്മവാർഷിക ദിനത്തോട് അനുബന്ധിച്ച് മുംബയിൽ എം.എൻ.എസ് നടത്തിയ സമ്മേളനത്തിലാണിത്. അമിത് താക്കറെയുടെ പദവി എന്താണെന്നത് തീരുമാനമായില്ല. എം.എൻ.എസിന്റെ യുവജന വിഭാഗത്തിന്റെ ചുമതല ഏൽപ്പിക്കുമെന്നാണ് സൂചന.
ശിവസേനയുടെ തീവ്രഹിന്ദുത്വ അജൻഡ സ്വന്തമാക്കി നഷ്ടപ്പെട്ട കരുത്ത് തിരിച്ചുപിടിക്കാനുള്ള രാജ് താക്കറെയുടെ ശ്രമത്തിന് ബി.ജെ.പിയുടെ മൗനപിന്തുണയുമുണ്ട്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസുമായി രാജ് താക്കറെ അടുത്തിടെ ചർച്ച നടത്തിയിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയും യുവസേന നേതാവായ മകൻ ആദിത്യ താക്കറെ വിനോദസഞ്ചാര വകുപ്പു മന്ത്രിയുമായിരിക്കെയാണ് ആദിത്യയ്ക്ക് ബദലായി സ്വന്തം മകനെ ഉയർത്തിക്കൊണ്ടുവരാനുള്ള രാജ് താക്കറെയുടെ ശ്രമം.
രാജ് താക്കറെ
ബാൽ താക്കറെയുടെ സഹോദരൻ ശ്രീകാന്ത് താക്കറെയുടെ മകൻ
ശിവസേനയിൽ ബാൽ താക്കറെയുടെ സന്തതസഹചാരി
ബാൽതാക്കറെ മകൻ ഉദ്ധവിനെ ശിവസേനയുടെ തലപ്പത്തേക്ക് ഉയർത്തിക്കൊണ്ടുവന്നതോടെ 2006ൽ പാർട്ടി വിട്ടു
മഹാരാഷ്ട്ര നവനിർമാൺ സേന രൂപീകരിച്ചു.
2009ലെ തിരഞ്ഞെടുപ്പിൽ 13 എം.എൽ.എമാരെ ലഭിച്ചെങ്കിലും പിന്നീട് ശക്തി ക്ഷയിച്ചു.
നിലവിൽ ഒരു എം.എൽ.എ മാത്രം