arif-muhammed-khan

തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണെന്നും അവ ചർച്ച ചെയ്ത് പരിഹരിക്കാനാണ് തയാറാകേണ്ടതെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും ഉത്തരവ് ഇറക്കും മുൻപ് ഗവർണറെ അറിയിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭയുടെ പരിധിക്ക് പുറത്തുള്ള വിഷയമാണ് പൗരത്വം. അക്കാര്യം നിയമസഭാ ചർച്ച ചെയ്യാൻ പാടില്ലെന്നാണ് നിയമം. ആ നിയമം സസ്‌പെൻഡ് ചെയ്ത ശേഷം വേണമായിരുന്നു പ്രമേയം പാസാക്കാൻ. അദ്ദേഹം പറഞ്ഞു.

നിയമം സസ്‌പെൻഡ് ചെയ്യാതെ പ്രമേയം പാസാക്കിയത് നിയമവിരുദ്ധമാണ്. ഇക്കാര്യം സംബന്ധിച്ച് താൻ മുതിർന്ന ജനപ്രതിനിധികളുമായി ചർച്ചകൾ നടത്തിയെന്നും വിഷയത്തിൽ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്ന് സുപ്രീം കോടതി തീരുമാനിക്കുമെന്നും ഗവർണർ പറഞ്ഞു. കേന്ദ്രവുമായുള്ള പ്രശ്നങ്ങളും കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും തന്നെ അറിയിക്കേണ്ടതുണ്ട്‌. അഭിപ്രായ വ്യത്യാസങ്ങളല്ല തന്റെ പ്രശ്നം. നിയമങ്ങൾ പാലിക്കപ്പെടാത്തതാണ്- ഗവർണർ അഭിപ്രായപ്പെട്ടു.

കേരളത്തിലെ രാഷ്ട്രീയം അടിസ്ഥാനമാക്കി ജനങ്ങളെ വിലയിരുത്തരുത്. കേരളത്തിലെ ജനങ്ങൾ ദേശസ്നേഹം ഉള്ളവരാണ്. പൗരത്വത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അധികാരം പാർലമെന്റിന് മാത്രമാണെന്ന് ഗവർണർ പറയുന്നു. നയപ്രഖ്യാപന വിഷയത്തിലും ഗവർണർ തന്റെ അഭിപ്രായം വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിന്റെ പകർപ്പ് താൻ കണ്ടിട്ടില്ലെന്നും തന്റെ ഭരണഘടനാപരമായ കടമ താൻ നിറവേറ്റുമെന്നും ഗവർണർ പറഞ്ഞു.