ലാഹോർ : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ നട്ടം തിരിയുകയാണ് പാകിസ്ഥാൻ ജനത. അയൽരാജ്യമായ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തലാക്കിയതോടെ പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിക്കുകയായിരുന്നു. തക്കാളി, പാൽ തുടങ്ങിയ വസ്തുക്കളായിരുന്നു ഇക്കാലയളവിൽ വില വർദ്ധിച്ചത്. എന്നാൽ ഇപ്പോൾ പാകിസ്ഥാനിൽ ഗോതമ്പിനും തീ വിലയായതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിത്യചെലവിന് വഴിയില്ലാതെ രാജ്യത്തെ സാധാരണക്കാർ നട്ടം തിരിയുകയാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ പുറത്തുവിട്ട കണക്ക് പ്രകാരം പാകിസ്ഥാനിലെ പണപ്പെരുപ്പം 11.1 ശതമാനമായിരിക്കുകയാണ്.
പണപ്പെരുപ്പം രണ്ടക്കത്തിലായിട്ടും സർക്കാർ വിപണിയിൽ ഫലപ്രദമായി ഇടപെടുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. എന്നാൽ ഗോതമ്പ് വിലയിലുണ്ടായ വില വർദ്ധനവിനെ കുറിച്ചുള്ള ചോദ്യത്തിന് പാക് റെയിൽവേ മന്ത്രി ഷേഖ് റാഷിദ് നൽകിയ മറുപടിയും വിവാദമായിരിക്കുകയാണ്. നവംബർ ഡിസംബർ മാസത്തിൽ പാകിസ്ഥാനികൾ കൂടുതൽ ഭക്ഷണം കഴിക്കുന്നതിനാലാണ് ഗോതമ്പ് അടക്കമുള്ള ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധിക്കുന്നതെന്നാണ് മന്ത്രിയുടെ ഭാഷ്യം. നാൽപ്പത് പാകിസ്ഥാൻ രൂപയ്ക്ക് മുൻപ് ലഭിച്ചിരുന്ന ഗോതമ്പിന് ഇപ്പോൾ 75 രൂപയ്ക്ക് മേൽ നൽകേണ്ടി വരുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. മുൻപ് മറ്റ് രാജ്യങ്ങളിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്തുകൊണ്ടിരുന്ന പാകിസ്ഥാൻ ഇപ്പോൾ മൂന്ന് ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യുവാൻ തീരുമാനിച്ചിരിക്കുകയാണ്. പാകിസ്ഥാനിലെ മാദ്ധ്യമങ്ങളിലടക്കം വിലവർദ്ധനവിന്റെ വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ ഇന്ത്യയെ പഴിചാരി വിഷയം മാറ്റുവാനാണ് പാക് പ്രധാനമന്ത്രി അടക്കമുള്ളവരുടെ നീക്കം. അടുത്തിടെ പാകിസ്ഥാനിൽ ലൈംഗിക അക്രമങ്ങൾ പെരുകുന്നതിന് കാരണം ഇന്ത്യൻ സിനിമകൾ യുവാക്കൾ മൊബൈലിൽ കാണുന്നതാണെന്ന ഇമ്രാൻ ഖാന്റെ പ്രസ്താവന മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.