vellappally-nateshan

ആലപ്പുഴ: മുൻ ഡി.ജി.പി ടി.പി സെൻകുമാറും സുഭാഷ് വാസുവും ആരോ തയാറാക്കിവിട്ട മനുഷ്യബോംബുകളാണെന്നും സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ. സെൻകുമാർ തന്നിൽ നിന്നും എന്തൊക്കെയാണ് വാങ്ങിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കറിയാമെന്നും വെള്ളാപ്പളി നടേശൻ പറഞ്ഞു.

'എലയ്ക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല. തന്റെ പേരിൽ കായംകുളത്തുള്ള കോളജിന്റെ പേരുമാറ്റുന്നതിൽ സന്തോഷമാണ്. കോളേജിന്റെ പേര് തനിക്ക് അപമാനമാണ്. അവിടെ കള്ള ഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. കോടതി വഴിയാണ് അതിന് നോട്ടീസ് നല്‍കിയത്.' വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പളളിയും ഇരുവർക്കുമെതിരെ രംഗത്തെത്തിയിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്നായിരുന്നു തുഷാർ പറഞ്ഞത്. മക്കളുടെ കല്ല്യാണം നടത്തുന്നതിനായി മാത്രം എസ്.എൻ.ഡി.പി അംഗത്വമെടുത്തയാളാണ് സെൻകുമാറെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സുഭാഷ് വാസുവിനെ ബി.ഡി.ജെ.എസിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു വിമർശനം വന്നത്. തന്റെ പേരിൽ കള്ളയൊപ്പിട്ടുകൊണ്ട് കോടിക്കണക്കിന് രൂപ തട്ടിയതായും അതിനെതിരെ നിയമപോരാട്ടം നടക്കുകയാണെന്നും തുഷാർ ചൂണ്ടിക്കാണിച്ചു.