corona-virus

അബ്ഹ:സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ ഏറ്റുമാനൂർ സ്വദേശിനിയായ നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇതേ ആശുപത്രിയിലെ മുപ്പത് മലയാളി നഴ്‌സുമാരെ രോഗബാധ സംശയിച്ച് പ്രത്യേക മുറിയിലേക്ക് മാറ്റി. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.

ഖമീസ് മുഷയിത്ത് അൽ ഹയാത്ത് നാഷണൽ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ഏറ്റുമാനൂർ സ്വദേശി. ഇവരെ വിദഗ്ദ്ധ ചികിത്സക്കായി അസീർ സെൻട്രൽ ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

അൽ ഹയാത്ത് ആശുപത്രിയിലെ ഫിലിപ്പൈൻസ് സ്വദേശിയായ നഴ്സിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഫിലിപ്പൈൻസ് സ്വദേശിയിയായ ഒരു രോഗിയിൽ നിന്നാണ് നഴ്‌സിന് വൈറസ് ബാധിച്ചത്. പനിയും ദേഹാസ്വാസ്ഥ്യവും മൂലം ചികിത്സ തേടിയ ഇവർക്ക് നാല് ദിവസത്തിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ശുശ്രൂഷിക്കുമ്പോഴാണ് മലയാളി നഴ്സുമാരിലേക്ക് രോഗം പടർന്നത്.

അതേസമയം സൗദി അറേബ്യയിൽ മലയാളി നഴ്സിനെ ബാധിച്ച കൊറോണ വൈറസ് ചൈനയിൽ പടരുന്ന കൊറോണയല്ലെന്ന് മെഡിക്കൽ പരിശോധനാഫലം പുറത്തുവന്നു. 2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിന് സമാനമായ വൈറസാണ് ഇതെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. സയന്റിഫിക് റീജണൽ ഇൻഫക്ഷൻ കൺട്രോൾ കമ്മിറ്റി പരിശോധനാഫലം സ്ഥിരീകരിച്ചു. നഴ്സിന്റെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

അതിനിടെ മതിയായ ഭക്ഷണമോ പരിചരണമോ കിട്ടുന്നില്ലെന്ന് നഴ്സുമാർ പരാതിപ്പെട്ടു. ഇന്ത്യൻ എംബസിയും നോർക്കയും ഇടപെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

സൗദി അറേബ്യയിലെ മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാർക്ക് കോറോണ വൈറസ് ബാധിച്ചത് ഗൗരവമായി കണ്ട് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ഇവർക്ക് വിദഗ്ദ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മൂന്ന് ചൈനീസ് നഗരങ്ങൾ അടച്ചു

ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരണം 17 ആയി. 509 പേരിൽ വൈറസ് സ്ഥിരീകരിച്ചു. 2200 പേർ നിരീക്ഷണത്തിലാണ്. മരണസംഖ്യ ഉയർന്നേക്കും.

വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വൂഹാൻ, ഹുവാങ്കാംഗ്, ഇസൗ എന്നീ നഗരങ്ങൾ അടച്ചു. ഈ നഗരങ്ങളിലെ വിമാന, ട്രെയിൻ സർവീസുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും നിറുത്തിവച്ചു. പ്രദേശവാസികളോടു നഗരം വിട്ടുപോകരുതെന്ന് നിർദ്ദേശിച്ചു.

കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുമെന്ന് ചൈനീസ് ആരോഗ്യ കമ്മിഷൻ മേധാവി ലി ബിൻ പറഞ്ഞു. മരുന്നും വാക്സിനും കണ്ടെത്തിയില്ലെങ്കിൽ വൈറസ് ആപത്താണെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യ, അമേരിക്ക, തായ്‌വാൻ, തായ്ലൻഡ്, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോകാരോഗ്യസംഘടന ആലോചിക്കുന്നു.

 ഉറവിടം പാമ്പുകളോ?

കൊറോണ വൈറസുകളുടെ ഉറവിടം ചൈനീസ് മൂർഖൻ പാമ്പുകളായ ക്രെയ്റ്റ് ആണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മദ്ധ്യ, തെക്കൻ ചൈനയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന കൊടുംവിഷമുള്ള പാമ്പുവർഗമാണ് ചൈനീസ് വെള്ളിക്കെട്ടൻ (ചൈനീസ് ക്രെയ്റ്റ് അഥവാ തായ്‌വാനീസ് ക്രെയ്റ്റ്). രോഗം ബാധിച്ചവരെല്ലാം ഈ പാമ്പിന്റെ മാംസം ഭക്ഷിച്ചിട്ടുണ്ട്. രോഗികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ച ശാസ്ത്രജ്ഞർ, വവ്വാലിന് പകരം ഉരഗവർഗത്തിലാണ് ജനിതക സാമ്യം കണ്ടെത്തിയത്.