തിരുവനന്തപുരം : സൗദി അറേബ്യയിലുള്ള മലയാളി നഴ്‌സുമാർ കൊറോണ വൈറസ് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അവർക്ക് വിദഗ്ദ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. അസിർ അബാ അൽ ഹയാത്ത് ആശുപത്രിയിലെ നഴ്‌സുമാർക്ക് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായിക്കണ്ട് നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് അയച്ച കത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സൗദി അറേബ്യയിലെ അബഹയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീൻസ് യുവതിയെ ചികിത്സിച്ച 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് മതിയായ ചികിത്സയോ കൃത്യമായ ഭക്ഷണമോ കിട്ടുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. ഫിലിപ്പിൻസ് യുവതിയെ ചികിത്സിച്ച ഏറ്റുമാനൂർ സ്വദേശിനിയായ നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കത്ത്.
അതിനിടെ കൊറോണ വൈറസ് വിഷയത്തിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചൈനയിലെ ഇന്ത്യൻ കോൺസുലേറ്റുകളും മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചൈനയിൽനിന്ന് എത്തുന്നവരെ വിമാനത്താവളങ്ങളിൽ കർശന പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.