ഹേഗ്: റോഹിങ്ക്യൻ വംശഹത്യക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മ്യാൻമാറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. 17 ജഡ്ജിമാരടങ്ങിയ പാനൽ ഐകകണ്ഠേനയാണ് ഉത്തരവിട്ടത്.
മ്യാൻമാറിന്റെ നടപടികൾ മൂലം റോഹിങ്ക്യൻ വംശജരുടെ അവകാശങ്ങൾ പരിഹരിക്കാനാവാത്ത വിധം മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളെടുത്തു എന്നതിനെപ്പറ്റി നാലു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും രാജ്യാന്തര കോടതി അദ്ധ്യക്ഷൻ ജഡ്ജി അബ്ദുൽഖ്വാവി അഹമ്മദ് യൂസഫ് നിർദേശിച്ചു.
ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് മുസ്ലിം ന്യൂനപക്ഷമായ റോഹിങ്ക്യകൾ നേരിട്ട വംശഹത്യയിൽ മ്യാന്മർ ഭരണകൂടത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.എൻ കോടതിയെ സമീപിച്ചത്. 57 അംഗ ഇസ്ലാമിക സഹകരണ സംഘടന (ഒ.ഐ.സി) പിന്തുണ നൽകുകയും ചെയ്തു. 1948ലെ വംശഹത്യ ഉടമ്പടിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിനാൽ വിചാരണ നടപടികളിൽനിന്ന് ഒഴിഞ്ഞുമാറാൻ മ്യാന്മറിനാകില്ല.
മ്യാന്മർ ഭരണകൂടത്തിനെതിരെ നിരവധി രാജ്യങ്ങൾ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. രണ്ടുവർഷം മുമ്പ് നടന്ന സൈനികവേട്ടയെ തുടർന്ന് 7,30,000 റോഹിങ്ക്യകൾ അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് നാടുവിട്ടതായാണ് കണക്ക്.