ഹേഗ്: രോഹിങ്ക്യൻ വംശഹത്യ തടയാനും അവരെ സംരക്ഷിക്കാനും മ്യാൻമർ ഭരണകൂടം സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിട്ടു. രോഹിങ്ക്യകൾ അങ്ങേയറ്റം ദുർബലരാണെന്നും അവരെ സംരക്ഷിക്കാനുള്ള ഉത്തരവ് മ്യാൻമറിൽ "അന്താരാഷ്ട്ര നിയമപരമായ ബാദ്ധ്യതകൾ സൃഷ്ടിക്കുന്നുവെന്നും കോടതി പറഞ്ഞു.
ഉത്തരവ് നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളെടുത്തു എന്നതിനെപ്പറ്റി നാലു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും രാജ്യാന്തര കോടതി പ്രസിഡന്റായ ജഡ്ജി അബ്ദുൽഖ്വാവി അഹമ്മദ് യൂസഫ് നിർദേശിച്ചു.
ആറു മാസം കൂടുന്തോറും പുരോഗതി റിപ്പോർട്ട് കൈമാറണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ മാസം നടന്ന പൊതു വിചാരണകളിൽ, മ്യാൻമറിനെതിരെ നിരവധി തെളിവുകൾ നിരത്തിയിരുന്നു. മ്യാൻമറിന്റെ ജനാധിപത്യ അനുകൂല മുഖമായിരുന്ന ഭരണാധികാരി ആങ് സാൻ സൂചി, സൈന്യത്തെ ന്യായീകരിച്ചതോടെ വാദംകേൾക്കലിനിടെ രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി.
2017ലെ സൈനികവേട്ടയെ തുടർന്ന് 7,30,000 രോഹിങ്ക്യകൾ അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് നാടുവിട്ടതായാണ് കണക്ക്. സൈന്യം പതിനായിരക്കണക്കിനാളുകളെ വധിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.
ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് മുസ്ലിം ന്യൂനപക്ഷമായ രോഹിങ്ക്യകൾ നേരിട്ട വംശഹത്യയിൽ മ്യാന്മർ ഭരണകൂടത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.എൻ കോടതിയെ സമീപിച്ചത്. 57 അംഗ ഇസ്ലാമിക സഹകരണ സംഘടന (ഒ.ഐ.സി) പിന്തുണച്ചു. മ്യാന്മറിനെതിരെ നിരവധി രാജ്യങ്ങൾ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
സ്വാഗതം ചെയ്ത് പൗരാവകാശ പ്രവർത്തകർ
തീരുമാനത്തെ ഐകകണ്ഠേനയാണ് പൗരാവകാശ പ്രവർത്തകർ സ്വീകരിച്ചത്. രോഹിൻഗ്യകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ശക്തമായ നടപടിയാണിതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പരംപ്രീത് സിംഗ് പറഞ്ഞു.