imran-khan

ദാവോസ് (സ്വിറ്റ്‌സർലാൻഡ്): ചൈനയിൽ മുസ്ലിം വിഭാഗം നേരിടുന്ന പ്രശ്നത്തിൽ ചൈനയെ പരസ്യമായി തങ്ങൾ എതിർക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. സ്വിറ്റ്‌സർലാൻഡിലെ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ 'ഫോറിൻ പോളിസി'ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചൈന തങ്ങളെ പലതവണ സഹായിച്ചിട്ടുണ്ടെന്നും അതിനാൽ ഈ വിഷയത്തിന് പ്രാധ്യാനം നൽകേണ്ടതില്ലെന്നുമാണ് പാകിസ്ഥാന്റെ നിലപാടെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.

ഞങ്ങളെ പലതവണ ചൈനീസ് സർക്കാർ സഹായിച്ചിട്ടുണ്ട്. ഞങ്ങളുടെ അടിത്തറ തകർന്നുകിടക്കുന്ന സമയത്ത് അവരാണ് സഹായിക്കാൻ മുന്നോട്ടുവന്നത്. അതിനാൽ പാകിസ്ഥാൻ എല്ലായ്‌പ്പോഴും ചൈനീസ് സർക്കാരിനോട് നന്ദിയുള്ളവരായിരിക്കും. ചൈനയുമായി എന്ത് തർക്കങ്ങളുണ്ടായാലും അത് സ്വകാര്യമായി കൈകാര്യം ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം. ഒരിക്കലും അക്കാര്യങ്ങൾ പരസ്യമാക്കില്ലന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

ചൈനയിലെ ഷിൻജിയാങിൽ അടക്കം ഉയ്ഗൂർ മുസ്ലീം വിഭാഗം നേരിടുന്ന പീഡനങ്ങളിൽ എന്തുകൊണ്ടാണ് പാകിസ്ഥാൻ നിശബ്ദത പാലിക്കുന്നതെന്നായിരുന്നു ഇമ്രാൻ ഖാൻ നേരിട്ട ചോദ്യം. അതേസമയം ഇത് കാശ്മീരിലെ പ്രശ്നങ്ങളുമായി ഒരിക്കലും താരമത്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. നേരത്തെ കാശ്മിരിന്റെ പ്രത്യേക അധികാരം റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ടും സി.ഐ.ഐക്കെതിരെയും പാകിസ്ഥാൻ ഇന്ത്യക്കെതിരെ രംഗത്ത് വന്നിരുന്നു.