ചേർത്തല: വേമ്പനാട്ട് കായലിൽ പാതിരാ മണൽ ദ്വീപിന് സമീപം ഹൗസ്ബോട്ട് കത്തിയമർന്നു. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പാതിരാമണൽ ദ്വീപിന് 200 മീറ്റർ തെക്ക് ഭാഗത്തായിരുന്നു അപകടം. ആറ് മാസം പ്രായമായ കുഞ്ഞും ആറ് സ്ത്രീകളുമടക്കം കണ്ണൂർ മട്ടന്നൂർ സ്വദേശികളായ 13 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹൗസ്ബോട്ടിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 ഒാടെയാണ് ഓഷ്യാനസ് എന്ന ബോട്ടിൽ ഇവർ യാത്ര ആരംഭിച്ചത്. യാത്ര ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും തീപടർന്ന് ബോട്ട് കത്തി അമരുകയായിരുന്നു. തീപിടിക്കുകയാണെന്ന് ബോദ്ധ്യമായതോടെ ദ്വീപിന് സമീപത്തേക്ക് ബോട്ട് വേഗം ഓടിച്ചെത്തിയ സ്രാങ്ക് ഇടയാഴം സജി ഭവനിൽ സജിയുടെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്. ഈ സമയം ഇതുവഴി വന്ന ജലഗതാഗത വകുപ്പിന്റെ എസ്-54 ബോട്ടിലെ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ ഹൗസ്ബോട്ടിന് അടുത്തേക്ക് എത്തി. നിമിഷങ്ങൾക്കകം മുഹമ്മ പൊലീസിന്റെ നേതൃത്വത്തിലുള്ള സ്പീഡ് ബോട്ടും ശിക്കാര വള്ളക്കാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി. സംഘത്തിലെ മുഴുവൻ പേരുടെയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സകല സാധനങ്ങളും ചില പ്രധാന രേഖകളും കത്തിനശിച്ചു. ടൂറിസം ഡയറക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ആലപ്പുഴ ടൂറിസം ഗസ്റ്റ് ഹൗസിൽ യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.തലയാഴം സ്വദേശി സിജിമോന്റെ ഉടമസ്ഥതയിലുള്ളതാണ് ഓഷ്യാനോസ് ബോട്ട്.യാത്രക്കാരിലെ പുരുഷൻമാരിൽ ആരെങ്കിലും സിഗരറ്റ് വലിച്ചതിൽ നിന്നാവാം തീ പി‌ടിച്ചതെന്ന് ജീവനക്കാർ സംശയിക്കുന്നു.