pakistan

ലണ്ടൻ: റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പാകിസ്ഥാൻ സംഘം. ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് ഇന്ത്യൻ ഭരണഘടനയുടെ പകർപ്പുകൾ കത്തിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലൂടെ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. 5000ത്തിലധികം ആളുകൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നരേന്ദ്രമോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരയാണ് പ്രതിഷേധം. അതേസമയം ചില ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളും പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്. പാകിസ്ഥാൻ ഗ്രൂപ്പിന്റെ ആസൂത്രിതമായ പ്രതിഷേധം സംബന്ധിച്ച ആശങ്ക യു.കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ രുചി ഗാൻഷ്യം യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനോട് പങ്കുവെച്ചു. മാത്രമല്ല, പ്രതിഷേധം നിരോധിക്കാൻ യു.കെയിലെ നിരവധി ഇന്ത്യക്കാർ അധികാരികൾക്ക് കത്തെഴുതിയിട്ടുണ്ട്.

പതാകയോ ഭരണഘടനയോ കത്തിച്ചുകൊണ്ട് ആരുടെയും വികാരത്തെ വ്രണപ്പെടുത്താനല്ല പ്രതിഷേധമെന്നും മോദി സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയാണ് സംഘടിക്കുന്നതെന്നും തെഹ്രീക്-ഇ-കശ്മീർ യു.കെയുടെ പ്രസിഡന്റ് ഫാഹിം കയാനി പറഞ്ഞു. തെഹ്രീക്-ഇ-കശ്മീരിന്റെ യുകെയിലെ യൂണിറ്റും കശ്മീർതർക്കം സമാധാനപരമായി പരിഹരിക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗവും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.