afsal-guru

ന്യൂഡൽഹി:നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളോട് അന്ത്യാഭിലാഷം അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കയാണ്. മറ്റ് ചില കേസുകളിൽ തൂക്കിലേറ്റപ്പെട്ട പ്രതികളുടെ അന്ത്യാഭിലാഷങ്ങൾ ഇങ്ങനെയായിരുന്നു:

യാക്കൂബ് മേമൺ ( മുംബയ് സ്ഫോടനം )

മകളെ കാണണം. ജയിൽ അധികൃതർ അനുവദിച്ചില്ല. പകരം മകളുമായി ഫോൺ സംഭാഷണം അനുവദിച്ചു.

അഫ്സൽ ഗുരു ( പാർലമെന്റ് ഭീകരാക്രമണം )

അന്ത്യാഭിലാഷം പറഞ്ഞില്ല. അവസാന ദിവസങ്ങൾ പുസ്തകങ്ങൾ വായിച്ച് കഴിഞ്ഞു.തൂക്കിലേറ്റുന്നതിന് തൊട്ടു മുൻപ് ചായ നൽകി. ജയിൽ ഉദ്യോഗസ്ഥരോട് സംസാരിച്ചു. ചായ തീർന്നപ്പോൾ വീണ്ടും ആവശ്യപ്പെട്ടു. അപ്പോഴേക്കും ചായ കൊണ്ടുവന്ന പരിചാരകൻ പോയിരുന്നു. അവസാനത്തെ ആ ആഗ്രഹം നിറവേറാതെയാണ് അഫ്സൽ ഗുരു തൂക്കിലേറ്റപ്പെട്ടത്.

ധനഞ്ജയ് ചാറ്റർജി ( 14കാരിയെ മാനഭംഗപ്പെടുത്തി കൊന്നു )

ജയിൽ ഡോക്ടറുടെ പാദം തൊട്ടു വണങ്ങണമെന്നും പ്രാർത്ഥനാ ഗീതങ്ങൾ കേൾക്കണമെന്നും ആവശ്യപ്പെട്ടു. അത് അനുവദിച്ചു.

അജ്മൽ കസബ് ( മുംബയ് ഭീകരാക്രമണം )

അന്ത്യാഭിലാഷം പറഞ്ഞില്ല. തൂക്കിലേറ്റും മുൻപുള്ള നിമിഷങ്ങൾ പരിഭ്രാന്തനായിരുന്നു. തൂക്കുകയറിന് താഴെ നിന്ന് കുതറിയെന്നാണ് റിപ്പോർട്ട്.

ബില്ലയും രംഗയും ( സഹോദരങ്ങളായ ഗീത ചോപ്ര, സഞ്ജയ് ചോപ്ര എന്നീ കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി )

തൂക്കിലേറ്റുന്നതിന്റെ തലേ രാത്രി ബില്ല നന്നായി ഭക്ഷണം കഴിച്ചു. രംഗ രാത്രിമുഴുവൻ ജോ ബോലേ സോ നിഹാൽ എന്ന സിക്ക് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു.

മഖ്ബൂൽ ഭട്ട് ( ഭീകരഗ്രൂപ്പായ ജമ്മുകാശ്‌മീർ വിമോചന മുന്നണി സ്ഥാപകൻ )

അന്ത്യാഭിലാഷം പറഞ്ഞില്ല. ഭട്ടിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി രവീന്ദ്ര മഹാത്രയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നാലെ തിടുക്കത്തിൽ ബ്ലാക് വാറണ്ട് പുറപ്പെടുവിച്ച് തൂക്കിലേറ്റുകയായിരുന്നു.