റിയാദ് : സൗദി അറേബ്യയിൽ മലയാളി നഴ്സിനെ ബാധിച്ച കൊറോണ വൈറസ് ചൈനയിൽ പടരുന്ന കൊറോണയല്ലെന്ന് മെഡിക്കൽ പരിശോധനാഫലം. 2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിന് സമാനമായ വൈറസാണ് ഇതെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. സയന്റിഫിക് റീജണൽ ഇൻഫക്ഷൻ കൺട്രോൾ കമ്മിറ്റി പരിശോധനാഫലം സ്ഥിരീകരിച്ചു. നഴ്സിന്റെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
സൗദിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ഏറ്റുമാനൂർ സ്വദേശിയ്ക്കാണ് കൊറോണ വൈറസ് ബാധയുള്ളതായി കണ്ടെത്തിയയ്. ഇതേ ആശുപത്രിയിലെ ഫിലിപ്പീൻ സ്വദേശിയായ നഴ്സിനാണ് ആദ്യം വൈറസ് ബാധയുണ്ടായത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ഏറ്റുമാനൂർ സ്വദേശിയ്ക്ക് പടർന്നത്.
സൗദി അറേബ്യയിലുള്ള മലയാളി നഴ്‌സുമാർ കൊറോണ വൈറസ് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അവർക്ക് വിദഗ്ദ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു. നഴ്‌സുമാർക്ക് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായിക്കണ്ട് നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് അയച്ച കത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.