ലണ്ടൻ : യൂറോപ്യൻ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടൻ പുറത്തുവരാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കി. ബ്രിട്ടീഷ് പാർലമെന്റിന്റെ ഹൗസ് ഓഫ് ലോർ‌ഡ്സ് ബിൽ പാസാക്കി മണിക്കൂറുകൾക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നല്‍കിയത്. ഇതോടെ ബ്രെക്‌സിറ്റ് ബിൽനിയമമായി മാറി.

ജനുവരി 31നകം യൂറോപ്യൻ യൂണിയന്റെ പാർലമെന്റും ബ്രെക്‌സിറ്റ് അംഗീകരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ബ്രിട്ടൻ നിശ്ചയിച്ച സമയത്ത് യൂറോപ്യന്‍ യൂണിയനിൽ നിന്ന് പുറത്തുവരാനാകൂ.

2016ലാണ് യൂറോപ്യൻ യൂണിയന്‍ വിട്ടുപോരാനുള്ള ഹിത പരിശോധന നടന്നത്. മൂന്നര വർഷത്തിലധികമായി തുടര്‍ന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഇപ്പോൾ ബ്രെക്‌സിറ്റ് നിയമം ആകുന്നത്.

അവസാന നടപടിയായി അംഗീകാരവോട്ടിന്‌ യൂറോപ്യൻ പാർലമെന്റ്‌ അടുത്ത ബുധനാഴ്‌ചയാണ്‌ ചേരുന്നത്‌. നിയമപ്രക്രിയകൾ പൂര്‍ത്തിയാക്കിയശേഷം ബ്രിട്ടീഷ്‌ വിദേശസെക്രട്ടറി ഡൊമിനിക്‌ റാബ്‌ അംഗീകാരരേഖ ഒപ്പിടും. തുടർന്ന്‌ പിന്മാറ്റദിനത്തിനു മുമ്പ് യുറോപ്യൻ യൂണിയന് അയയ്ക്കും. യൂറോപ്യൻ യൂണിയൻ അവസാന അംഗീകാരം നല്‍കിയശേഷം അടുത്ത വെള്ളിയാഴ്‌ച രാത്രി 11ന്‌ ബ്രിട്ടൻ ഔപചാരികമായി യൂറോപ്യൻ യൂണിയന് പുറത്താകും.