മലപ്പുറം: കുറ്റിപ്പുറത്ത് പൗരത്വ നിയമ ദേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങൾക്ക് പഞ്ചായത്ത് കുടിവെള്ളം നിഷേധിച്ചെന്ന് വ്യാജപ്രചരണം നടത്തിയ കർണാടക ബി.ജെ.പി എം.പി ശോഭ കരന്തലജയ്ക്കെതിരെ കേരള പൊലീസ് കേസെടുത്തു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിന് 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ബി.ജെ.പി എം.പി വാർത്ത പ്രചരിപ്പിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ ചെറുകുന്ന് കോളനിയിലെ നിവാസികൾക്ക് കുടിവെള്ളം നിഷേധിച്ചെന്നും അതിനാൽ സേവാഭാരതിയുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നുവെന്നുമായിരുന്നു ശോഭ കരന്തലജയുടെ ട്വീറ്റ്.
Kerala is taking baby steps to become another Kashmir!
— Shobha Karandlaje (@ShobhaBJP) January 22, 2020
Hindus of Kuttipuram Panchayat of Malappuram was denied water supply as they supported #CAA2019.#SevaBharati has been supplying water ever since.
Will Lutyens telecast this intolerance of PEACEFULS frm God's Own Country!? pic.twitter.com/y0HKI4bitD
എം.പിയുടെ ട്വീറ്റിനെതിരെ സുപ്രീം കോടതി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. കുറ്റിപ്പുറം പ്രദേശത്തെ മതസാമുദായിക സൗഹാർദം തകർക്കുന്ന തരത്തിൽ എം.പി വ്യാജപ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സംഭവം വിവാദമായയോടെ വിശദീകരണവുമായി പഞ്ചായത്ത് അധികൃതരും നാട്ടുകാരും പോലീസും രംഗത്തെത്തി. മോട്ടോർ തകരാറിലായതിനാൽ എട്ട് മാസത്തോളമായി ചില പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങിക്കിടക്കുകയാണ്. അത് പരിഹരിക്കാനുള്ള നടപടികൾ പഞ്ചായത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ജനങ്ങളെ തമ്മിൽ തെറ്റിക്കാൻ വ്യാജ പ്രചരണങ്ങളുമായി ഒരുവിഭാഗം രംഗത്ത് ഇറങ്ങിയതെന്നായിരുന്നു കുറ്റിപ്പുറം പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് നേതാവുമായ വസീമ വാളേരി പറഞ്ഞു. പ്രദേശത്ത് വർഷങ്ങളായി കുടിവെള്ളം ക്ഷാമം നിലനിൽക്കുന്നുണ്ടെന്ന് കുറ്റിപ്പുറം പൊലീസും പറഞ്ഞു.
വ്യത്യസ്ത മത വിഭാഗങ്ങൾ ഐക്യത്തോടും സൗഹാർദത്തോടും താമസിക്കുന്ന കുറ്റിപ്പുറത്തെയും മലപ്പുറം ജില്ലയിലെയും മതസൗഹാർദം തകർക്കുന്നതിനും വർഗീയകലാപത്തിനും സാധാരണക്കാരുടെ സ്വൈര്യജീവിതം തകർക്കുന്നതിനുമായി ബോധപൂർവമായ ശ്രമമാണ് എം.പി നടത്തിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എംപിയെ കൂടാതെ മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.