jio

ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപഭോഗത്തിൽ വലിയ മാറ്റത്തിന് കാരണക്കാരായ കമ്പനിയാണ് റിലയൻസ് ജിയോ. 250 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ ലഭിക്കുന്ന 1 ജി.ബി ഡേറ്റ ഒരു മാസം കഷ്ടിച്ച് ഉപയോഗിച്ചിരുന്നവർ‌ക്ക് ഇന്ന് ദിവസേന രണ്ട് ജി.ബി മതിയാവാത്ത അവസ്ഥയാക്കി മാറ്റാൻ ജിയോയ്ക്ക് കഴി‌ഞ്ഞു. ജിയോയുടെ വമ്പൻ വരവിന് പിന്നാലെ മറ്റ് കമ്പനികൾക്കും തങ്ങൾ നൽകികൊണ്ടിരുന്ന സേവനങ്ങളിൽ മാറ്റം വരുത്തേണ്ടിവന്നു. എന്നാൽ ഇപ്പോഴിതാ ജിയോയേക്കാൾ വിലക്കുറവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കമ്പനി. ജിയോയേക്കാൾ 360 ശതമാനം വിലക്കുറവിൽ ഡേറ്റ നൽകാനാകുമെന്നാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അവകാശപ്പെടുന്നത്.

ബംഗളൂരുവിൽ പ്രവർത്തിക്കുന്ന 'വൈഫൈ ഡബ്ബ' എന്ന കമ്പനിയാണ് ജിയോയ്ക്കും മറ്റ് ഡേറ്റാ സേവനദാതാക്കൾക്കും വൻ വെല്ലുവിളിയുമായി രംഗത്തെത്തുന്നത്. 1 ജിബി ഡേറ്റയ്ക്ക് 1 രൂപയാണ് വാങ്ങുന്നത്. ഒരു സബ്‌സ്‌ക്രിപ്ഷനും ആവശ്യമില്ല. സൈൻഅപ് വേണ്ട, ഇൻസ്റ്റാലേഷൻ ഫീയുമില്ല. മൊത്തം ചെലവ് കണക്കാക്കിയാൽ ബ്രോഡ്ബാൻഡ് അടക്കം എല്ലാ ഡേറ്റാ സേവനദാതാക്കളുടെയും നിരക്കുകളെക്കാൾ പലമടങ്ങ് കുറവാണ് വൈഫൈ ഡബ്ബയുടേത്. ഇത് ധാരാളം ഡേറ്റ വേണ്ട പലർക്കും ആകർഷകമാകും.

കടകളിൽ വൈഫൈ റൂട്ടറുകൾ ഇൻസ്റ്റാൾ ചെയ്യക എന്നതാണ് അവരുടെ ഒരു പ്രവർത്തന രീതി. ഉപയോക്താവ് വെറുതെ വൈഫൈ ഡബ്ബാ നെറ്റ്‌വർക്കിലേക്ക് സ്വന്തം വിശദാംശങ്ങൾ എന്റർ ചെയ്താൽ കണക്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിങ്ങൾ അവരുടെ പ്ലാനുകളൊന്നും സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ മുകളിൽ പറഞ്ഞ 1 രൂപയ്ക്ക് 1 ജിബി പ്ലാൻ എടുത്ത് പ്രവർത്തനം വിലയിരുത്താം. വൈഫൈ ഡബ്ബാ ടോക്കണുകളും എടുക്കാം. കൂടുതൽ ഡേറ്റ വേണ്ടപ്പോൾ ആവശ്യാനുസരണം വീണ്ടും ചാർജ് ചെയ്യാം.

വിലക്കുറവിൽ ഇത്തരം സേവനങ്ങൾ ലഭിക്കുന്നതിനും കാരണങ്ങളുണ്ട്. റോഡുകൾ കുത്തിപ്പൊളിച്ച് ഫൈബർ ഒപ്റ്റിക് കേബിളുകൾ ഇടാതെയാണ് ഇവർ പ്രവർത്തിക്കുന്നത്. കൂടാതെ സർക്കാരിൽ നിന്ന് സ്പെക്ട്രം ലേലത്തിൽ പിടിക്കേണ്ട. ഇത്തരം ചില കാരണങ്ങൾകൊണ്ടാണ് കുടിവെള്ളത്തേക്കാൾ വിലക്കുറവിൽ ഡേറ്റ നൽകാൻ കമ്പനിക്ക് സാധിക്കുന്നത്. നിലവിൽ ബംഗളൂരുവിൽ പ്രവർത്തിക്കുന്ന കമ്പനി ഉടൻ തന്നെ എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. കൂടുതൽ ആവശ്യക്കാരുള്ള നഗരങ്ങളായിരിക്കും കമ്പനി തിര‌ഞ്ഞെടുക്കുക.