തൃശൂർ : ഗതാഗതകുരുക്കിന് കുപ്രസിദ്ധമായ പാലിയേക്കര ടോൾബൂത്തിൽ വ്യത്യസ്തമായ പ്രതിഷേധം. കഴിഞ്ഞ ദിവസം വാഹനക്കുരുക്കിൽ യാത്രക്കാർ അസ്വസ്ഥരായപ്പോൾ കാർയാത്രക്കാരിയായ യുവതി വാഹനത്തിൽ നിന്നുമിറങ്ങി ബലമായി ടോൾ ബൂത്ത് തുറന്നിട്ടു. ടോൾ ബൂത്തിലെ സ്‌റ്റോപ്പ് ബാരിയർ ഉയർത്തിപ്പിടിച്ച് ഇരുപത് മിനിട്ടോളം വാഹനങ്ങൾ ഇതു വഴി തുക നൽകാതെ കടന്നുപോവുകയും ചെയ്തു. ഇതിനിടെ ടോൾബൂത്തിലെ ജീവനക്കാർ യുവതിയോട് കയർക്കുകയും ഫോണിൽ ചിത്രമെടുക്കുവാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പിടിവലിക്കിടയിൽ ജീവനക്കാരന്റെ ഫോൺ തറയിൽ വീണു തകർന്നു. യുവതിയുടെ ഫോണും തറയിൽ വീണ് കേടുപാട് സംഭവിച്ചു.
ടോൾ ബൂത്തിലെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പുതുക്കാട് പൊലീസിനോട് ജീവനക്കാർ പരാതി പറഞ്ഞെങ്കിലും യുവതിക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം യുവതിക്ക് ജീവനക്കാർക്കെതിരെ പരാതിയുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാൽ പരാതിയില്ലെന്ന് യുവതി പറഞ്ഞതോടെ യാത്രതുടരാൻ പൊലീസ് അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് യുവതി. ടോളിൽ അരമണിക്കൂറിലേറെ കാത്തുകിടക്കേണ്ടി വന്നതിനെ തുടർന്നാണ് യുവതി പ്രതികരിക്കാൻ തയ്യാറായത്. നിരവധി പേരാണ് പാലിയേക്കരയിൽ ഇതിന് മുൻപും ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെ പരാതിപ്പെട്ടിട്ടുള്ളത്. ആറു വാഹനങ്ങളിൽക്കൂടുതൽ കാത്തു കിടക്കേണ്ടി വന്നാൽ ടോൾ ബൂത്ത് തുറന്നുവിടണമെന്നാണ് ചട്ടം.