ദാവോസ്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ശതകോടീശ്വരനും നിക്ഷേപകനുമായ ജോർജ് സോറോസ് രംഗത്ത്. ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണെന്ന് ജോർജ് സോറോസ് കുറ്റപ്പെടുത്തി. പൗരത്വനിയമത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി ഇന്ത്യയിൽ ദശലക്ഷക്കണക്കിന് വരുന്ന മുസ്ലീങ്ങളെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അർദ്ധ-സ്വയംഭരണ മുസ്ലീം മേഖലയായ ജമ്മുകാശ്മീരിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനെയും ജോർജ് സോറോസ് നിശിതമായി വിമർശിച്ചു.
നരേന്ദ്ര മോദിയെ വിമർശിക്കുന്നതിനോടൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ജോർജ് സോറോസ് കുറ്റപ്പെടുത്തി. ട്രംപിന്റെ സാമ്പത്തിക സംഘം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയാണെന്ന് ജോർജ് സോറോസ് പറഞ്ഞു. ഇങ്ങനെയൊരു സമ്പദ്‌വ്യവസ്ഥയുമായി അമേരിക്കയ്ക്ക് അധികനാൾ മുന്നോട്ടു പോകാനാവില്ല. ലോകം തനിക്ക് ചുറ്റുമാകാൻ ആഗ്രഹിക്കുന്ന ഒരു കാപട്യക്കാരനും നാസിസ്റ്റും കൂടിയാണ് ട്രംപ് എന്നും അദ്ദേഹം വ്യക്തമാക്കി. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക-ചൈന ബന്ധത്തെ കുറിച്ച് പറയുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെയും അദ്ദേഹം വിമർശിച്ചു. ഡൊണാൾഡ് ട്രംപ് തന്റെ വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി ദേശീയ താത്പര്യങ്ങൾ ത്യജിക്കാൻ തയ്യാറാണ്. അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അദ്ദേഹം എന്തും ചെയ്യും. ചൈനീസ് ജനതയ്ക്കു മേൽ സമ്പൂർണ ആധിപത്യം നേടാൻ സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുകയായിരുന്നു പ്രസിഡന്റ് ഷീ ചിൻപിംഗ് എന്നും സോറോസ് കുറ്റപ്പെടുത്തി.