ഗൾഫിൽ ജോലി ചെയ്യുന്ന ഒരു മലയാളിയാണ് ഞാൻ. എല്ലാവരെയും പോലെ സ്വന്തം നാട്ടിലൊരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയായിരുന്നു എന്റെയും ലക്ഷ്യം. നാട്ടിൽവന്ന് താമസിച്ചുകൊണ്ട് ഒരു വീട് പണിയുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രായോഗികമായിരുന്നില്ല. അതിനാൽ വീടുപണി ഒരു നിർമ്മാണ കമ്പനിയെ ഏൽപ്പിച്ചു.
സ്ക്വയർ ഫീറ്റിന് 1700 രൂപ നിരക്കിൽ പണി പൂർത്തിയാക്കി താക്കോൽ കൈമാറാം എന്നായിരുന്നു കരാർ. എന്റെ വസ്തുവിൽ വീടുപണിയാനുള്ള നഗരസഭാ അധികൃതരുടെ അനുമതിയും കരാറുകാരൻ വാങ്ങിനൽകാം എന്ന വാഗ്ദാനം എന്നെ സംബന്ധിച്ചിടത്തോളം സ്വർഗതുല്യമായിരുന്നു. കാരണം അനുമതി തേടി കയറിയിറങ്ങേണ്ട ഓഫീസുകളും ദിവസങ്ങളുടെ എണ്ണവും ഓർക്കുമ്പോൾ ആ ഉത്തരവാദിത്വം ഏൽക്കാൻ കരാറുകാരൻ തയാറായതു തന്നെ ഏറ്റവും വലിയ കാര്യമായിരുന്നു. വിദേശത്ത് നിന്നും വീടുപണി സംബന്ധിച്ച് കാര്യങ്ങൾ ഞാൻ എന്റെ ബന്ധു മുഖാന്തരം അറിഞ്ഞുകൊണ്ടിരുന്നു. പണി ഇടയ്ക്കിടെ നിറുത്തി വച്ചുകൊണ്ടിരിക്കുന്ന രീതി കരാറുകാരനുണ്ടായിരുന്നു. പറഞ്ഞ തീയതിയും കടന്ന് മുന്നേറിയപ്പോൾ ചോദ്യം ചെയ്തു. എന്നാൽ ആദ്യമൊക്കെ ഓരോ കാരണങ്ങൾ നയത്തിൽ പറഞ്ഞ കരാറുകാരന്റെ സംസാരരീതി ഭീഷണിയുടെ സ്വരത്തിലേക്ക് മാറി. മാത്രമല്ല, സ്ക്വയർ ഫീറ്റിന് 1700 എന്ന് പറഞ്ഞ ആരംഭിച്ചതാണ് പണി. ഇപ്പോളിത് രണ്ടായിരവും കടന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. വീടുപണി ഏകദേശം പകുതിയായപ്പോൾ മുതൽ നിരവധി തിക്താനുഭവങ്ങൾ കരാറുകാരനിൽ നിന്ന് നേരിടേണ്ടിവന്നു.ചുരുക്കിപറഞ്ഞാൽ വീട്ടിൽ ഗുണ്ടകൾ വന്ന് ഭാര്യയോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇത്തരക്കാരെ നിരീക്ഷിക്കാൻ സർക്കാർ സംവിധാനങ്ങളൊന്നുമില്ലേ എന്ന് ഞാൻ നാട്ടിൽ അന്വേഷിച്ചപ്പോൾ അങ്ങനെ യാതൊരു സംവിധാനവും ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. മാത്രമല്ല ഗുണ്ടാസെറ്റപ്പ് ഇവരുടെ ബിസിനസ്സിന്റെ ഭാഗമാണെന്നും അറിയാൻ കഴിഞ്ഞു.എല്ലാവരെയും കുറിച്ചല്ല ഇൗ പരാതി. നല്ല രീതിയിൽ ഇൗ ബിസിനസ് നടത്തുന്നവർക്ക് പേരുദോഷമുണ്ടാക്കുന്ന ഒരുപാടുപേർ ഇൗ രംഗത്തുണ്ട്. ഇത്തരക്കാർക്ക് സർക്കാർ സംവിധാനങ്ങളെപ്പോലും പേടിയില്ലാതാകുന്നതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, വീട് നിർമ്മാണത്തിനുള്ള അനുമതി അടക്കമുള്ള കാര്യങ്ങൾ ഇവർ പണം കൈക്കൂലി നൽകിയാണ് നടത്തുന്നത്.പണം നൽകിയാൽ എന്തും നേടാൻ കഴിയുന്ന തങ്ങൾക്ക് ആരെയും പേടിക്കേണ്ടെന്ന ഭാവമാണിവർക്ക്. ഉപഭോക്താവിനെ പിഴിയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഈ രീതിക്ക് അവസാനം കുറിക്കണം.ഇവർ കരാർ ലംഘിച്ചാൽ സമീപിക്കാൻ കഴിയുന്ന ഒരു സർക്കാർ ഏജൻസിക്ക് രൂപം നൽകേണ്ടതല്ലേ? വിജിലൻസിന് ഇവരെ പരിശോധിക്കാൻ അധികാരമില്ലേ? ഇൗ വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടതാണ്.
കെ. മോഹൻകുമാർ,
ബാലുശ്ശേരി