kaumudy-news-headlines

1. കാസര്‍കോട് മിയാപദവിലെ അധ്യാപികയുടെ മരണം കൊലപാതകം എന്ന് തെളിഞ്ഞു. സംഭവത്തില്‍ സഹ അദ്ധ്യാപകനായ വെങ്കിട്ടരമണ കരന്തരയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അധ്യാപികയായ രൂപശ്രീയെ വെള്ളത്തില്‍ മുക്കിയാണ് കൊന്നത് എന്ന് കണ്ടെത്തല്‍. രൂപശ്രീയും ആയി പ്രതിക്ക് ഉണ്ടായിരുന്നത്, അടുത്ത ബന്ധം എന്ന് പൊലീസ്. അധ്യാപികയ്ക്ക് വേറെ ബന്ധം ഉണ്ടോ എന്ന സംശയമാണ് പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ബക്കറ്റില്‍ മുക്കി കൊന്ന ശേഷമാണ് അധ്യാപികയുടെ മൃതദേഹം കടലില്‍ ഉപേക്ഷിച്ചത്. മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം പതിനാറിന് ആണ് കാണാതായത്. തുടര്‍ന്ന് രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിന് ഇടയിലാണ് കുമ്പള കടപ്പറത്ത് അഴുകിയ നിലയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്.


2. തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ ജെ.സി.ബി കൊണ്ട് അടിച്ചു കൊന്ന ഡ്രൈവര്‍ കീഴടങ്ങി. ജെ.സിബി ഡ്രൈവര്‍ വിജിന്‍ ആണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. അക്രമം നടത്തിയ മണ്ണെടുപ്പ് സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളാണ് വിജിന്‍. കൊലയാളികളെന്ന് സംശയിക്കുന്ന ഉത്തമനും സജിയും ഒളിവിലാണ്. കാഞ്ഞിരവിള സ്വദേശി സംഗീതാണ് മരിച്ചത്. കൊലക്ക് കാരണം മണ്ണെടുക്കുന്നതിനെ ചോദ്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇന്നലെ അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. മൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റു മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
3. സംഗീതിന്റെ പുരയിടത്തില്‍ നിന്നും നിന്നും ഇന്നലെ രാത്രിയോടെ ആണ് ചാരുപാറ സ്വദേശി സജിയുടെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താന്‍ ശ്രമിച്ചത്. ജെ.സി.ബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് ജെ.സി.ബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തിയത്. പ്രതികള്‍ ആക്രമണത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. സംഗീതിന്റെ ഭാര്യയാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് നല്‍കിയത്
4. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ സംസ്ഥാനത്തും കടുത്ത ജാഗ്രത. കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തില്‍ എന്ന് ആരോഗ്യ വകുപ്പ്. നിരീക്ഷണത്തില്‍ ഉള്ളത്, ചൈനയിലെ വുഹാനില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി. ഇവര്‍ നിലവില്‍ പൂര്‍ണ ആരോഗ്യവതി ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധയ്ക്ക് എതിരെ സംസ്ഥാനം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളല്‍ വ്യക്തമാക്കിയിരുന്നു. ചൈനയില്‍ വൈറസ് ബാധിച്ച് ഇതുവരെ 25 പേരാണ് മരണത്തിനു കീഴടങ്ങിയത്. 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
5. ജപ്പാന്‍, ദക്ഷിണകൊറിയ, അമേരിക്ക, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രാജ്യങ്ങളിലേക്ക് ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, സൗദിയിലെ രോഗ സാധ്യതയില്‍ ആശങ്ക ഒഴിയുക ആണ്. സൗദിയിലെ അബഹയില്‍ കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്സിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റു മലയാളികളുടേത് ഉള്‍പ്പെടെ അറുപതിലേറെ പേരുടെ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണ്. സൗദിയില്‍ ഒട്ടകത്തില്‍ നിന്നാണ് വൈറസ് പടരുന്നത്. ചൈനയില്‍ പടരുന്ന വുഹാന്‍ കൊറോണ വൈറസുമായി ഇതിന് ബന്ധമില്ല. 2012 മുതല്‍ സൗദിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു എന്നും അധികൃതര്‍ അറിയിച്ചു
6. കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ ജോലിയ്ക്കിടെ കൊല്ലപ്പെട്ട എസ്.എസ്.ഐ വില്‍സണിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ പരിസരത്ത് ഉപേക്ഷിച്ച കത്തിയാണ് അന്വേഷണ സംഘം കണ്ടെടുത്തത്. മുഖ്യപ്രതികളും ആയുള്ള തെളിവെടുപ്പ് തിരുവനന്തപുരത്ത് തുടരുന്നു. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോകുന്നതിന് മുന്‍പ് പ്രതികള്‍ കത്തി ഉപേക്ഷിക്കുക ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ വില്‍സണെ വെടിവച്ച് കൊല്ലാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് ഇന്നലെ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. സൈനികര്‍ ഉപയോഗിക്കുന്ന തരത്തില്‍ ഉള്ള തോക്കാണ് കണ്ടെത്തിയത്. പ്രതികളെ പത്ത് ദിവസത്തേക്ക് ആണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ഇരിക്കുന്നത്. നേരത്തെ പ്രതികള്‍ക്ക് തോക്ക് നല്‍കിയ നിരോധിത സംഘടന ആയ അല്‍ ഉമ്മ പ്രവര്‍ത്തകന്‍ ഇജാസ് പാഷയെ ബംഗളൂരുവില്‍ വച്ച് കര്‍ണാടക പൊലീസ് പിടികൂടി ഇരുന്നു. കളിയിക്കാവിള കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കേരളത്തില്‍ എന്ന് അന്വേഷണ സംഘം നേരത്തെ അറിയിച്ചിരുന്നു.
7. പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തി അലനെയും താഹയെയും അറസ്റ്റ് ചെയ്ത വിഷയത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍. മുഖ്യമന്ത്രിയുടേത് പൊലീസ് ഭാഷ്യമാണെന്ന് മോഹനന്‍ മാസ്റ്റര്‍ പറയുമെന്ന് തോന്നുന്നില്ല. എന്തോ തെറ്റിദ്ധാരണ കൊണ്ട് ആരോ വാര്‍ത്ത കൊടുത്തത് ആയിരിക്കാം. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് പലതവണ വ്യക്തമാക്കിയതാണ്. ഏത് കാര്യത്തെക്കുറിച്ചും സി.പി.എം പറയുന്നത് വളരെ ആലോചിച്ചും വ്യക്തത വരുത്തിയ ശേഷവുമാണ്. ഭരണഘടനാ പരമായ ഒരു പ്രതിസന്ധിയും കേരളത്തിലില്ല. മത നിരപേക്ഷതയും ജനാധിപത്യവും നിലനിര്‍ത്താന്‍ രാജ്യത്തെ ജനങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. അത് അവര്‍ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു