ന്യൂഡൽഹി : രാജ്യത്തെ അറിയപ്പെടുന്ന വ്യവസായിയും അറ്റ്‌ലസ് സൈക്കിൾ ഉടമകളിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യ നടാഷ കപൂറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഒഴിയുന്നില്ല. ഡൽഹിയിൽ ഔറംഗസേബ് ലെയ്നിലെ വീട്ടിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് 57കാരിയായ നടാഷയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ നടാഷ കപൂർ എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പ് വീട്ടിലെ പൂജാമുറിയിൽ നിന്നും കണ്ടെത്തി. സ്വയം കുറ്റമേറ്റ നിലയിലാണ് നടാഷയുടെ കത്തിലെ വിവരങ്ങൾ. ചെയ്യാൻ പാടില്ലാത്തത് ചെയ്തു, അതിലുള്ള നാണക്കേടിലാണ് ജീവനൊടുക്കുവാൻ തീരുമാനിച്ചത്. ഇതിനാരും ഉത്തരവാദികളല്ല, എനിക്ക് ലജ്ജ തോന്നി, സഞ്ജയ്, മോനെ, മോളെ നിങ്ങളെയെല്ലാം ഞാൻ വല്ലാതെ സ്‌നേഹിക്കുന്നു... എന്നിങ്ങനെയാണ് കത്തിലെ വിവരങ്ങൾ.
എന്നാൽ ഈ കത്ത് നടാഷ തന്നെയാണോ എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ലാത്തതിനാൽ കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കയാണ്. വീട്ടിലെ മുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ നടാഷയെ മകനാണ് ആദ്യം കാണുന്നത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.