ഓൺലൈൻ ഡെലിവറിയായി ലഭിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് ഒരുപാട് പരാതികൾ ഈയിടയായി വലിയ വാർത്തയാവാറുണ്ട്. മിക്ക പരാതികളും ഭക്ഷണത്തിന്റെ അളവ് കുറഞ്ഞത് സംബന്ധിച്ചായിരിക്കും. ഇതിന്റെ പേരിൽ ചിലർ പരാതി നൽകുന്നതും ചിലപ്പോൾ ഓർഡർ മാറ്റി നൽകുന്നതും കാണാം. എന്നാൽ ഡെലിവറി ചെയ്യുന്നയാൾ ഭക്ഷണത്തിൽ തുപ്പിയിട്ടാൽ എന്ത് ചെയ്യും? അങ്ങനെ ഒരു സംഭവമാണ് തുർക്കിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.
ഉപഭോക്താവിന് കൊടുക്കാനുള്ള ഭക്ഷണത്തിൽ തുപ്പിയ ഡെലിവറി ബോയിക്ക് 18 വർഷം ജയിൽശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. 2017ൽ തുർക്കിയിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. ബുറാക്. എസ് എന്നയാൾക്കാണ് ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷ കൂടാതെ ഇയാൾ 600 യൂറോ പിഴയായി ഒടുക്കുകയും വേണം.
ഭക്ഷണം കൊടുക്കേണ്ടിയിരുന്ന അപ്പാർട്ട്‌മെന്റ് വളപ്പിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിലാണ് ഡെലിവറി ബോയ് തുപ്പുന്ന ദൃശ്യം പതിഞ്ഞത്. തുർക്കിയിലെ വാർത്താ ഏജൻസിയായ ഡി.എച്ച്.എയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവം പുറത്തായതോടെ ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. പിന്നീട് പൊലീസ് പിടികൂടിയ ബുറാക് കുറ്റം സമ്മതിച്ചു. അതേസമയം എന്തുകൊണ്ടാണ് ഭക്ഷണത്തിൽ തുപ്പിയതെന്ന് ഇയാൾ വ്യക്തമാക്കിയിട്ടില്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ലെന്നായിരുന്നു ചോദ്യംചെയ്യലിൽ ഇയാൾ പറഞ്ഞത്.