aditya-nath-

ന്യൂഡൽഹി : രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ജനം തിരഞ്ഞെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ. ഇത് രണ്ടാം തവണയാണ് മികച്ച മുഖ്യമന്ത്രിയായി ആദിത്യനാഥിനെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യാ ടുഡേ നടത്തിയ സർവേയിലാണ് രണ്ടാം വർഷവും യോഗി ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. പത്തൊൻപത് സംസ്ഥാനങ്ങളിലായി 12141 പേരിൽ നിന്നും നേരിട്ടാണ് സർവേയ്ക്കായി വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ പതിനെട്ട് ശതമാനം പേരും ആദിത്യനാഥിന്റെ പേരാണ് മികച്ച മുഖ്യമന്ത്രിയായി നിർദേശിച്ചത്. കഴിഞ്ഞ മൂന്ന് വർഷക്കാലയളവിലെ ഭരണത്തിനിടയിൽ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ആദിത്യനാഥ് കാണിച്ച സാമർത്ഥ്യവും,സംസ്ഥാനത്തെ അക്രമപ്രവർത്തനങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിട്ടതുമെല്ലാം ജനങ്ങൾക്കിടയിൽ മതിപ്പുണ്ടാവാൻ കാരണമായിട്ടുണ്ട്. സർവേയിൽ പതിനൊന്ന് ശതമാനം വോട്ടുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രണ്ടാമതെത്തി. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.

ഇന്ത്യടുഡേ നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 67 ശതമാനം പേരും ഗ്രാമീണരാണ്. രാജ്യത്തെ പത്തൊമ്പത് സംസ്ഥാനങ്ങളിലെ തൊണ്ണൂറ്റിയേഴ് ലോക്സഭ മണ്ഡലങ്ങളിൽ നിന്നുള്ളവർ സർവേയിൽ പങ്കെടുത്തു. മികച്ച മുഖ്യമന്ത്രി തിരഞ്ഞെടുത്തതിനൊപ്പം തന്നെ രാജ്യം ഭരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെയാണ് ജനം തിരഞ്ഞെടുത്തത്. മുപ്പത്തി നാല് ശതമാനം പേരാണ് മോദിക്ക് പിന്തുണ നൽകിയത്. അതേ സമയം 16 ശതമാനം പേർ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു മികച്ചതെന്ന് അഭിപ്രായപ്പെട്ടു.