cochin-shadhi

മാദ്ധ്യമങ്ങളിൽ പീഡന വാർത്തകൾ കൊണ്ടു നിറയുന്ന കാലമാണിത്. രാജ്യത്തിൽ ദിവസേന ലൈംഗികചൂഷണം നേരിടുന്ന സ്ത്രീകളും എന്തിന് കുട്ടികൾ തന്നെ നിരവധിയാണ്. ഒരു പെൺകുട്ടി നേരിടേണ്ടി വരുന്ന പീഡനാനുഭവത്തെ തീവ്രതയോടെ അവതരിപ്പിച്ചിരിക്കുകയാണ് മൻജിത് ദിവാകർ സംവിധാനം ചെയ്ത് 'കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03' എന്ന ചിത്രത്തിലൂടെ.

സ്വന്തമെന്നും ബന്ധമെന്നും പറയാൻ അമ്മ മാത്രമുള്ള ശാദിക എന്ന യുവതിയാണ് കഥയിലെ നായിക. തന്റെ കാമുകനുമായി അതിരുവിട്ട അടുപ്പം ശാദിക എന്ന കഥാനായികയെ ഗർഭിണിയാക്കുന്നു. കാര്യങ്ങൾ കൈവിട്ട് പോയെങ്കിലും ഈ ഒരു അവസ്ഥ അമ്മയെ അറിയിക്കാതെ മറിക്കടക്കാൻ അവൾ ശ്രമിക്കുന്നു. തന്റെ സുഹൃത്തായ ഡോക്ടറിന്റെ നിർദേശ പ്രകാരം ശാദിക അബോർഷൻ നടത്തുവാൻ ചെന്നൈയിലേക്ക് യാത്ര തിരിക്കുന്നു. ചെന്നൈയിൽ എത്തും മുൻപ് തന്നെ അവളെ തേടി ഒരു വിപത്ത് എത്തുന്നു. ശാദികയ്ക്ക് പോകേണ്ട സ്ഥലത്ത് എത്തിച്ച് തരാമെന്ന വ്യാജേന ഒരു ഓട്ടോ ഡ്രൈവറും കൂട്ടാളികളും അവളെ ശാരീരികമായി കീഴ്‌പ്പെടുത്തി അവരുടെ സങ്കേതത്തിൽ എത്തിച്ച് പീഡനത്തിനിരയാക്കുന്നു. മൂവരുടെയും മൃഗീയ പീഡനത്തിനൊടുവിൽ മരണത്തോടടുത്ത ശാദികയെ അവർ വഴിയിൽ ഉപേക്ഷിക്കുന്നു. തുടർന്ന് പൊലീസ് ശാദികയെ കണ്ടെത്തുന്നു.

cochin-shadhi


കുറ്റവാളികളെ കണ്ടെത്താൻ ഡി.എസ്.പി അമീർ യുസഫിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിൽ പിന്നീടങ്ങോട്ട്. ശാദിക മരണത്തോട് മല്ലിടുന്നതും അവളുടെ അമ്മയുടെ വികാരത്തിലൂടെയും ചിത്രം കടന്നുപോകുന്നു. ശാദികയെ പീഡനത്തിനിരയാക്കിയ കുറ്റവാളികൾ തങ്ങളുടെ കുത്സിത പ്രവൃത്തികളിൽ അപ്പോഴും ഏർപ്പെട്ടു കൊണ്ടിരുന്നു. അവരിലേക്ക് അടുക്കുന്ന നിയമത്തിന്റെ കൈകൾ ചിത്രത്തിൽ ആവേശം ജനിപ്പിക്കും. മലയാളത്തിനേക്കാൾ തമിഴ് സംഭാഷണങ്ങളാണോ ചിത്രത്തിൽ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നിയേക്കാം. കഥയുടെ പ്രധാന പങ്കും തമിഴ്നാടിന്റെ പശ്ചാത്തലത്തിൽ നടക്കുന്നത് ഇതിനൊരു കാരണമായേക്കാം.

cochin-shadhi

ആർ.കെ. സുരേഷ്, നേഹ സക്സേന, ചാർമിള, അക്ഷത ശ്രീധർ ശാസ്ത്രി, വിനോത് കിഷൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. സിനിമയിലേക്ക് ചാർമിളയുടെ ഏറെ കാലത്തിനുശേഷമുള്ള തിരിച്ചുവരവാണിത്.

ചിത്രത്തിലെ ഗാനങ്ങൾക്ക് ഒരുക്കിയിരിക്കുന്നത് സണ്ണി വിശ്വനാഥാണ്. ഛായാഗ്രഹണം നിർവ്വഹിച്ചത് അയ്യപ്പൻ.

cochin-shadhi

കാലിക പ്രസക്തിയുള്ള സിനിമയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. ക്രൈം ത്രില്ലറാണെന്നിരിക്കെ വലിയ ട്വിസ്റ്റ് പ്രതിക്ഷിച്ചാൽ നിരാശരാകേണ്ടി വരും. ശക്തമായ കഥാപാത്രങ്ങളുടെ കുറവും കെട്ടുറപ്പ് കുറഞ്ഞ തിരക്കഥയും സിനിമയിൽ നിഴലിക്കുന്നുണ്ട്. സ്ത്രീ സമൂഹം നേരിടുന്ന വലിയൊരു വിപത്തിനെ അതേ പടി വരച്ചുകാട്ടിയിട്ടുണ്ട് ചിത്രത്തിൽ. പീഡകർക്കുള്ള ശിക്ഷ അതികഠിനമായിരിക്കണം എന്ന സന്ദേശം ചിത്രം നൽകിയാണ് ചിത്രം അവസാനിക്കുന്നത്.

വാൽക്കഷണം: ശാദിക ഒരു പ്രതീകമാണ്

റേറ്റിംഗ്: 3/5