marad-flat

കൊച്ചി : ആവേശപ്പൂരമൊരുക്കി ഫ്ളാറ്റുകൾ പൊളിച്ചടുക്കുന്നത് നേരിൽ കാണാൻ ആയിരങ്ങളാണ് മരടിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ ഫ്ളാറ്റുകൾ പൊളിച്ച് ആഴ്ച രണ്ടാകുമ്പോൾ ആവേശത്തിന്റെ സ്ഥാനത്ത് ആശങ്ക ഉയരുകയാണ്. രണ്ടും മൂന്നും നിലകളുടെ ഉയരത്തിൽ കോൺക്രീറ്റ് മലകളായി തീർന്ന ഫ്ളാറ്റുകളുടെ അവശിഷ്ടത്തിൽ നിന്നും കമ്പികൾ വേർതിരിക്കുന്ന ജോലിയാണ് ഇപ്പോൾ തുടരുന്നത്. 1500 ടൺ ഉരുക്ക് കമ്പികൾ ഇവിടെ നിന്നും ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നേരത്തെ നിശ്ചയിച്ചതുപോലെ അവശിഷ്ടങ്ങൾ യാർഡിലേക്ക് മാറ്റുവാനാണ് കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിയുടെ നീക്കം. കോൺക്രീറ്റും കമ്പിയും വേർതിരിക്കുന്ന പണി പൂർത്തിയാകുന്നതോടെ കോൺക്രീറ്റ് പൊടിക്കുന്നതിനുള്ള മെഷീനായ 'റബ്ബിൾ മാസ്റ്റർ' എത്തിക്കും. ഇതിനു ശേഷമാണ് കോൺക്രീറ്റ് പൊടി യാർഡിലേക്ക് മാറ്റുന്നത്.

കോൺക്രീറ്റ് പൊടി ഇറക്കി സൂക്ഷിക്കുന്നതിനുള്ള യാർഡിനായി കരാർ കമ്പനി വളരെയേറെ കഷ്ടപ്പെട്ടിരുന്നു. ലോഡിറക്കുമ്പോഴുള്ള പൊടിശല്യം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് കാട്ടി ജനം എതിർപ്പുയർത്തിയതോടെ പഞ്ചായത്ത് അധികൃതരും യാർഡുകളുടെ പ്രവർത്തനത്തിന് അനുമതി നൽകിയിരുന്നില്ല. അരൂർ ചന്തിരൂർ പഴയ പാലത്തിനടുത്ത് എംസാൻഡ് സൂക്ഷിക്കുന്നതിനായി മൂന്നേക്കറോളം വരുന്ന സ്ഥലമാണു ആദ്യം കണ്ടെത്തിയത് എന്നാൽ ജനങ്ങളുടെ പരാതിയെ തുടർന്ന് സ്‌റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. ഇതിനു ശേഷം കുമ്പളത്തെ യാർഡിലേക്കു മാറ്റുവാൻ ശ്രമിച്ചപ്പോഴും പ്രതിഷേധം ഉയർന്നു. ഇതോടെ കെട്ടിടാവശിഷ്ടങ്ങൾ എവിടെ നിക്ഷേപിക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുക്കുകയായിരുന്നു. എന്നാൽ കെട്ടിടാവശിഷ്ടങ്ങൾ സൂക്ഷിക്കുന്നതിനായി മൂന്നര ഏക്കർ കണ്ടെത്തിയെന്ന് കരാർ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മരട് സാന്റിൽ ഉപ്പുണ്ടോ ?
സ്റ്റീൽ കമ്പികൾ വേർതിരിച്ച ശേഷം കോൺക്രീറ്റ് പൊടിച്ച് എം സാന്റുണ്ടാക്കാനാണ് കരാർ കമ്പനി പദ്ധതിയിടുന്നത്.
കോൺക്രീറ്റിൽ നിന്നും കമ്പി വേർതിരിക്കുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. രൂക്ഷമായ പൊടിശല്യം കുറയ്ക്കുന്നതിനായി സമീപത്തിലെ കായലിൽ നിന്നും വെള്ളം അടിച്ചുകയറ്റുകയാണ് ചെയ്യുന്നത്. വേനൽകാലമായതിനാൽ കായലിൽ വെള്ളം കുറവായത് ഉപ്പിന്റെ അംശം കൂട്ടുന്നുണ്ട്. കോൺക്രീറ്റിൽ ഉപ്പിന്റെ അംശം വർദ്ധിക്കുന്നത് എം സാന്റാക്കുമ്പോൾ പ്രശ്നമായേക്കാം. കോൺക്രീറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ കമ്പികൾ പെട്ടെന്ന് തുരുമ്പിക്കുന്നതിനും മറ്റും ഇടയാക്കിയേക്കും.


സമീപവാസികളുടെ പരാതികൾക്ക് ശമനമില്ല

ഫ്ളാറ്റ് പൊളിച്ച പ്രദേശത്തെ താമസക്കാർക്ക് പരാതിയൊഴിഞ്ഞ നേരമില്ലാത്ത അവസ്ഥയാണ്. ഫ്ളാറ്റ് പൊളിച്ചപ്പോൾ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും പൊളിക്കുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ച് ചില വീടുകളുടെ ജനൽ ചില്ലുകൾ പൊട്ടുകയും വാട്ടർ ടാങ്കുകൾ കേടാവുകയും ചെയ്തിട്ടുണ്ട്. ഇതിനുള്ള നഷ്ടപരിഹാരം എന്ന് നൽകുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.