തിരുവനന്തപുരം: നേപ്പാളിലെ റിസോ‌ട്ടിൽ വിഷവാതകം ശ്വസിച്ച് മരിച്ച എട്ടംഗസംഘത്തിലെ പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ വീട്ടുവളപ്പിൽ ഇന്നു രാവിലെ പത്തരയോടെയാണ് പ്രവീൺകുമാർ കെ.നായർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചത്. ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനു പേർ സംസ്കാര ചടങ്ങിൽ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനും വേണ്ടി മൃതദേഹങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചു.

കാഠ്മണ്ഡുവിലെ ത്രിഭുവൻ സർവകലാശാല ആശുപത്രിയിയിലെ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തിച്ച മൃതദേഹം തുടർന്ന് രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. എം.വിൻസെന്റ് എം.എൽ.എ., കളക്ടർ കെ.ഗോപാലകൃഷ്ണൻ, മേയർ കെ.ശ്രീകുമാർ, തഹസിൽദാർ ജി.കെ.സുരേഷ്‌ കുമാർ, നോർക്ക റൂട്‌സ് പി.ആർ.ഒ. ഡോ. വേണുഗോപാൽ എന്നിവർ വിമാന താവളത്തിൽ എത്തിയിരുന്നു. മൃതദേഹങ്ങൾ പ്രവീണിന്റെ സഹോദരീഭർത്താവ് രാജേഷാണ് ഏറ്റുവാങ്ങിയത്.

പ്രവീണിന്റെ സുഹൃത്തും നേപ്പാൾ യാത്രയിൽ ഒപ്പമുണ്ടായിരുന്നതുമായ കോഴിക്കോട്‌ കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങളും കോഴിക്കോട് എത്തിച്ചു. തുടർന്ന് മൊകവൂരിലെ ഭാര്യവീട്ടിലേക്കു കൊണ്ടുവന്ന മൃതദേഹങ്ങൾ പൊതുദർശനത്തിനുശേഷം കുന്ദമംഗലത്തെ തറവാട്ടുവീട്ടിലേക്കു കൊണ്ടുപോകും. മന്ത്രി എ. കെ. ശശീന്ദ്രന്റെ നേത്വത്വത്തിൽ പ്രദേശത്തെ ജനപ്രതിനിധികൾ പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ വിമാനത്താവളത്തിൽ നിന്നും ഏറ്റുവാങ്ങി.

nepal